ഒമാനിലെ പ്രധാന എണ്ണക്കയറ്റുമതി ടെർമിനലിൽ സ്ഫോടനം; പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു

 

ഒമാനിലെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ മിനാ അൽ ഫഹാൽ ടെർമിനലിൽ ഉണ്ടായ സ്ഫോടനത്തെത്തുടർന്ന് എണ്ണ വിതരണവും കപ്പലുകളിലേക്ക് ഇന്ധനം നിറയ്ക്കുന്നതുമായ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ടെർമിനലിലെ സിംഗിൾ ബോയ് മൂറിങ് (എസ്ബിഎം) ബർത്തുകൾക്ക് സമീപമാണ് സ്ഫോടനമുണ്ടായതെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപോർട്ട് ചെയ്തു.എസ്ബിഎം ഒന്നിനും രണ്ടിനും ഇടയിലാണ് സ്ഫോടനം നടന്നത്. ഡ്രോൺ ആക്രമണമാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. എന്നാൽ ഈ ആക്രമണം എപ്പോഴാണ് നടന്നതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

സ്ഫോടനത്തെത്തുടർന്ന് നിരവധി സൂപ്പർടാങ്കറുകൾ ഇന്ന്(വെള്ളി) തുറമുഖത്തിന് പുറത്ത് കടലിൽ നങ്കൂരമിട്ടിരിക്കുന്നതായി ഷിപ്പിങ് ഡാറ്റകൾ വ്യക്തമാക്കുന്നു. സംഭവത്തെക്കുറിച്ച് ഒമാൻ ഔദ്യോഗികമായി കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.