യുഎഇയിൽ കടുത്ത ചൂടിനും അമിത ഈർപ്പത്തിനും സാധ്യത
പസഫിക് സമുദ്രത്തിൽ രൂപം കൊള്ളുന്ന 'എൽ നിനോ' പ്രതിഭാസം യുഎഇയിലെ കാലാവസ്ഥയിലും കാര്യമായ മാറ്റങ്ങൾ വരുത്തിയേക്കും. ജൂലൈ മുതൽ നവംബർ വരെ എൽ നിനോ രൂപപ്പെടാനുള്ള സാധ്യത 98 ശതമാനമാണെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) വ്യക്തമാക്കി. ഇതുമൂലം പതിവിലേറെ ചൂടും ഈർപ്പവും കൂടുമെന്നാണു വിലയിരുത്തൽ.പസഫിക് സമുദ്രത്തിലെ ജലനിരപ്പിലുണ്ടാകുന്ന താപനിലയിലെ വർധനയാണ് എൽ നിനോ. നേരിട്ടല്ലെങ്കിലും യുഎഇയിലും ഇതു വലിയ തോതിൽ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ ചൂണ്ടിക്കാട്ടി.
തീരപ്രദേശങ്ങളിൽ അമിത ഈർപ്പവും ഗൾഫ് മേഖലയിലുടനീളം ഉയർന്ന താപനിലയും അനുഭവപ്പെടും. വർഷത്തിന്റെ രണ്ടാം പകുതിയിൽ മഴ ലഭിക്കാനുള്ള സാധ്യതയും കൂടുതലാവും. പ്രത്യേകിച്ചും ശരത്കാലത്ത് ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ട്. എൽ നിനോ വർഷങ്ങളിൽ അറബിക്കടലിൽ ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ രൂപപ്പെടാനും സാധ്യതയുണ്ട്. ഇത് ഒമാൻ, യെമൻ തീരങ്ങളെയും അപൂർവമായി ഇതര ഗൾഫ് മേഖലയെയും ബാധിച്ചേക്കാം.