അബുദാബി കെസാഡിൽ മൂന്നാമതും തീപിടിത്തം; പരുക്കേറ്റവരുടെ എണ്ണം ആറായി
അബുദാബിയിലെ ഖലീഫ ഇക്കണോമിക് സോൺ (കെസാഡ്) പരിസരത്ത് മിസൈൽ അവശിഷ്ടങ്ങൾ വീണ് മൂന്നാമതും തീപിടിത്തമുണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു. യുഎഇ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്ത ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചാണ് ഈ അപകടവും ഉണ്ടായത്. ഇതോടെ സംഭവത്തിൽ പരുക്കേറ്റവരുടെ ആകെ എണ്ണം ആറായി ഉയർന്നു.നേരത്തെ അഞ്ച് ഇന്ത്യക്കാർക്ക് പരുക്കേറ്റതായി റിപ്പോർട്ട് ചെയ്തിരുന്നു. പുതിയ സംഭവത്തിൽ ഒരു പാക്കിസ്ഥാൻ പൗരന് കൂടി പരുക്കേറ്റതോടെയാണ് എണ്ണം ആറായത്. പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്നും നിസ്സാരമായ മുറിവുകളാണെന്നും അധികൃതർ വ്യക്തമാക്കി. ഇവർക്ക് ആവശ്യമായ എല്ലാ ചികിത്സാ സഹായങ്ങളും നൽകി വരുന്നു.
മൂന്നിടങ്ങളിലുമുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് പൂർണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. നിലവിൽ തീ അണച്ച സ്ഥലങ്ങളിൽ കൂളിങ് നടപടികൾ പുരോഗമിക്കുകയാണ്. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ അറിയിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കർശന നിർദേശമുണ്ട്.