യുഎഇയിൽ മൂടൽമഞ്ഞ് തുടരുന്നു; ജാഗ്രതാനിർദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഒരാഴ്ചയായി തുടരുന്ന കനത്ത മൂടൽമഞ്ഞ് ജനജീവിതത്തെയും ഗതാഗതത്തെയും ബാധിക്കുന്നു. ഇന്നലെ (തിങ്കൾ) രാത്രി 10 മുതൽ ഇന്ന് രാവിലെ 10 വരെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ മൂടൽമഞ്ഞ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) യെലോ അലർട്ട് പ്രഖ്യാപിച്ചു.∙ കാഴ്ചപരിധി കുറയും
അബുദാബി മുതൽ ദുബായ്, ഷാർജ വഴി റാസൽഖൈമ വരെയുള്ള പടിഞ്ഞാറൻ തീരപ്രദേശങ്ങളിലും ആഭ്യന്തര മേഖലകളിലും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടും. വരും മണിക്കൂറുകളിൽ കാഴ്ചപരിധി ഇനിയും കുറയാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മഞ്ഞ് കടുക്കുന്ന സാഹചര്യത്തിൽ യെലോ അലർട്ട് റെഡ് അലർട്ടായി മാറാനും സാധ്യതയുണ്ട്.
∙ ഡ്രൈവർമാർ ശ്രദ്ധിക്കാൻ; പൊലീസിന്റെ നിർദേശങ്ങൾ
റോഡപകടങ്ങൾ ഒഴിവാക്കുന്നതിനായി അബുദാബി പൊലീസ് ഡ്രൈവർമാർക്ക് കർശന നിർദേശങ്ങൾ നൽകി. മൂടൽമഞ്ഞ് ഉള്ളപ്പോൾ പരമാവധി വേഗം മണിക്കൂറിൽ 80 കിലോമീറ്ററായി നിജപ്പെടുത്തണം, മുൻപിൽ പോകുന്ന വാഹനവുമായി സുരക്ഷിതമായ അകലം പാലിക്കണം,
ഡ്രൈവിങ്ങിനിടെ ഹൈ ബീം ലൈറ്റുകൾ ഉപയോഗിക്കരുത്, ഇത് മൂടൽമഞ്ഞിൽ തട്ടി പ്രതിഫലിച്ച് കാഴ്ച തടസ്സപ്പെടാൻ കാരണമാകും, ലോ ബീം ലൈറ്റുകളോ ഫോഗ് ലൈറ്റുകളോ മാത്രം ഉപയോഗിക്കുക, മൊബൈൽ ഫോൺ ഉപയോഗം പോലുള്ള അശ്രദ്ധകൾ പാടില്ല തുടങ്ങിയവയാണ് നിർദേശങ്ങൾ.