പ്രവാസികൾക്ക് സൗജന്യ നിയമസഹായം: നോർക്ക റൂട്ട്സ് ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു

 

വിദേശരാജ്യങ്ങളിൽ നിയമക്കുരുക്കിൽ അകപ്പെടുന്ന പ്രവാസി മലയാളിക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്സ് പ്രവാസി ലീഗൽ എയ്ഡ് സെല്ലിലേക്ക് (PLAC) അപേക്ഷ ക്ഷണിച്ചു. യു.എ.ഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ഓസ്‌ട്രേലിയ, കാനഡ, മലേഷ്യ എന്നീ ഏഴ് രാജ്യങ്ങളിലേക്കാണ് ലീഗൽ കൺസൾട്ടന്റുമാരെ നിയമിക്കുന്നത്.

വിദേശരാജ്യത്ത് അഭിഭാഷകനായി കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും പ്രവാസിക്ഷേമത്തിൽ താൽപ്പര്യവുമുള്ള മലയാളി അഭിഭാഷകർക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ നോർക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.kerala.gov.in സന്ദർശിച്ച് ഓഗസ്റ്റ് 16-നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

വിദേശ നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത കൊണ്ടോ ചെറിയ കുറ്റകൃത്യങ്ങൾ മൂലമോ നിയമക്കുരുക്കിൽ അകപ്പെടുന്ന പ്രവാസികളെ സഹായിക്കാനാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നത്. കേസുകളിൽ നിയമോപദേശം നൽകൽ, നഷ്ടപരിഹാരം, ദയാഹർജികൾ എന്നിവയിൽ സഹായിക്കൽ, നിയമ ബോധവൽക്കരണം, ഭാഷാ തർജ്ജമയ്ക്ക് വിദഗ്ദ്ധരുടെ സഹായം ലഭ്യമാക്കൽ തുടങ്ങിയ സേവനങ്ങളാണ് ഇതിലൂടെ നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്ക് നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും), +91-8802 012 345 (വിദേശത്തുനിന്നും) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.