ദുബായിലെ ഡെലിവറി റൈഡേഴ്‌സിന് സൗജന്യ ഭക്ഷണം; സുപ്രധാന തീരുമാനവുമായി ദുബായ് ആര്‍ടിഎ

 

 

ഡെലിവറി റൈഡേഴ്‌സിന് സൗജന്യ ഭക്ഷണം ഒരുക്കാന്‍ ദുബായ് ആര്‍ടിഎ. താല്‍ക്കാലിക വിശ്രമകേന്ദ്രങ്ങളിലാണ് ഭക്ഷണം നല്‍കുക. 23 കേന്ദ്രങ്ങളിലാണ് ഭക്ഷണം ലഭ്യമാവുക.

ഡെലിവറി റൈഡര്‍മാര്‍ സമൂഹത്തിന് നല്‍കുന്ന ദൈനംദിന സംഭാവനകള്‍ പരിഗണിച്ചാണ് പുതിയ സംരഭം.എമിറേറ്റിലെ പ്രധാന ബസ്, മെട്രോ സ്റ്റേഷനുകളില്‍ സജ്ജീകരിച്ച താല്‍ക്കാലിക വിശ്രമ കേന്ദ്രങ്ങളില്‍ ഡെലിവറി റൈഡര്‍മാര്‍ക്ക് ഭക്ഷണം വിതരണം ചെയ്യും.യുഎഇ ഫുഡ് ബാങ്കുമായും ഡെലിവറി പ്ലാറ്റ്‌ഫോമുംമായും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.വേനല്‍ക്കാലത്ത് ഡെലിവറി റൈഡര്‍മാരെ സംരക്ഷിക്കുന്നതിനും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമാണ് നടപടിയെന്ന് ആര്‍ടിഎയുടെ ലൈസന്‍സിംഗ് ഏജന്‍സി സിഇഒ അഹമ്മദ് മഹ്ബൂബ് പറഞ്ഞു.മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി, ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചയ്ക്ക് 12.30 നും 3 നും ഇടയില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തരത്തില്‍ പുറത്ത് ജോലി ചെയ്യുന്നത് നിയന്ത്രിച്ചിരുന്നു. ഈ മിഡ് ഡേ ബ്രേക്ക് നിയമത്തെ പിന്തുണയ്ക്കുന്നത് കൂടിയാണ് പദ്ധതി.