സൈക്ലിങ് ട്രാക്കുകൾ മുതൽ പാർക്കുകൾ വരെ; വികസനത്തിന്റെ പാതയിൽ മുന്നേറി അബുദാബി
നഗരജീവിതത്തിനു ലോകനിലവാരം ഉറപ്പാക്കി അബുദാബി വികസനത്തിന്റെ പാതയിൽ മുന്നേറുന്നു. സിംഗപ്പൂരിൽ നടന്ന വേൾഡ് സിറ്റീസ് സമ്മിറ്റ് 2026ൽ സുസ്ഥിരവും ജനസൗഹൃദവുമായ നഗരവികസന മാതൃകകൾ (ലിവബിലിറ്റി സ്ട്രാറ്റജി) അവതരിപ്പിച്ചാണു ലോകശ്രദ്ധ നേടിയത്. പുതിയ പാർക്കുകൾ, സൈക്ലിങ് ട്രാക്കുകൾ തുടങ്ങി 20,000 കോടി ദിർഹം ചെലവഴിച്ചുള്ള വമ്പൻ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്.∙ ജനകീയ വികസനം
പത്തു വർഷത്തിനിടയിൽ ജനസംഖ്യ 51 ശതമാനത്തോളം വർധിച്ചിട്ടും നഗര സൗകര്യങ്ങൾ മെച്ചപ്പെടുത്തി. നഗരാസൂത്രണം, ഗതാഗതം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഡിപ്പാർട്ട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ടിന് കീഴിൽ ഏകോപിപ്പിച്ചു. തത്സമയ ഡേറ്റകളും ജനങ്ങളുടെ അഭിപ്രായങ്ങളും വിശകലനം ചെയ്തു.
∙ ലിവബിലിറ്റി സ്ട്രാറ്റജി
നഗരാസൂത്രണത്തിൽ താമസക്കാരുടെ നിത്യജീവിതം സൗകര്യപ്രദമാക്കുന്നതിനാണു മുൻഗണനയെന്ന് അർബൻ പ്ലാനിങ് ആൻഡ് പെർമിറ്റ് സെന്റർ ഡയറക്ടർ ജനറൽ അബ്ദുല്ല മുഹമ്മദ് അൽ ബലൂഷി പറഞ്ഞു. നടക്കാൻ സൗകര്യപ്രദമായ വഴികൾ, പൊതുസ്ഥലങ്ങൾ, അവശ്യസേവന ലഭ്യത എന്നിവ ഉറപ്പാക്കി ആധുനിക സൗകര്യങ്ങളോടു കൂടിയ പാർക്കുകളും സൈക്ലിങ് ട്രാക്കുകളും നഗരത്തിലുടനീളം വ്യാപകമാക്കും.
∙ സിംഗപ്പൂരുമായി സഹകരണം
വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സിംഗപ്പൂരിലെ പ്രമുഖ കമ്പനിയായ എസ്‌ജെ ഗ്രൂപ്പുമായി തന്ത്രപ്രധാനമായ കരാറിൽ ഒപ്പുവച്ചു. നഗരവികസന പെർമിറ്റുകളും സേവനങ്ങളും സമ്പൂർണ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റും. വലിയ സ്മാർട്ട് സിറ്റി പദ്ധതികളിലേക്ക് സ്വകാര്യ നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള പുതിയ മാതൃകകൾ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഉറപ്പാക്കും. കാർബൺ ബഹിർഗമനം കുറച്ച് പരിസ്ഥിതി സൗഹൃദ ഭവന നിർമാണ രീതികൾ നടപ്പിലാക്കാൻ സിംഗപ്പൂരിന്റെ സാങ്കേതിക സഹായം പ്രയോജനപ്പെടുത്തും.