ഫുജൈറ വാഹനാപകടം: മരിച്ച മൂന്ന് മലയാളികളുടെയും സംസ്കാരം ഇന്ന് ഫുജൈറയിൽ നടക്കും

 

യു.എ.ഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മൂന്ന് മലയാളികളുടെയും സംസ്കാരം ഇന്ന് ഫുജൈറയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മലപ്പുറം വേങ്ങര കുണ്ടിൽപ്പാറ സ്വദേശിയും ഫുജൈറയിൽ കഫ്റ്റീരിയ ജീവനക്കാരനുമായ സിദ്ദീഖിന്റെ മക്കളായ മുഹമ്മദ് അസ്മിൽ (21), മിസ്ന ജുബിൻ (21), പേരക്കുട്ടി മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്. സിദ്ദീഖിന്റെ മകൾ ഫർസാനയുടെ മകനാണ് മുഹമ്മദ് ഫായിസ്. അപകടത്തിൽ ഫർസാനയ്ക്ക് മുഖത്തും സിദ്ദീഖിന്റെ ഭാര്യയ്ക്ക് തലയ്ക്കും പരിക്കേറ്റിരുന്നു.

കുടുംബത്തിലെ ഏഴ് പേരാണ് അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്നത്. സന്ദർശന വിസയിൽ യു.എ.ഇയിൽ എത്തിയവരായിരുന്നു കുടുംബത്തിലെ പലരും. ചികിത്സയ്ക്കായി ഒരാഴ്ച മുൻപ് നാട്ടിൽ പോയിരുന്ന സിദ്ദീഖ് കഴിഞ്ഞ തിങ്കളാഴ്ചയാണ് കുടുംബസമേതം ഫുജൈറയിലേക്ക് തിരിച്ചെത്തിയത്.

സിദ്ദീഖിന്റെ ഭാര്യാസഹോദരിയെ അവരുടെ ഫ്ലാറ്റിലേക്ക് കൊണ്ടുപോകുന്നതിനിടെ ഫുജൈറയിലെ കോടതിക്ക് മുൻപിൽ വെച്ച് കാർ ട്രക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. മലപ്പുറം എ.ആർ. നഗർ സഹകരണ ബാങ്ക് മുൻ പ്രസിഡന്റും മുസ്ലിം ലീഗ് നേതാവുമായ ടി.കെ. മൊയ്തീൻകുട്ടി മാഷിന്റെ മകനാണ് സിദ്ദീഖ്.