പ്രവാസികൾ അറിഞ്ഞിരിക്കേണ്ട സർക്കാർ പദ്ധതികൾ
സാന്ത്വന പദ്ധതി
തിരിച്ചെത്തിയ പ്രവാസി മലയാളികൾക്ക് നോർക്കാ റൂട്ട്‌സ് (Norka Roots) വഴി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ദുരിതാശ്വാസ പദ്ധതിയാണ് സാന്ത്വന പദ്ധതി .പദ്ധതി വഴി മരണാനന്തര ധനസഹായമായി ആശ്രിതർക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും, ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും, മകളുടെ വിവാഹത്തിന് പരമാവധി 15,000 രൂപയും അംഗപരിമിത പരിഹാര ഉപകരണങ്ങൾക്ക് (കൃത്രിമ കാൽ, ഊന്നുവടി, വീൽചെയർ) പരമാവധി 10,000 രൂപയും പദ്ധതി പ്രകാരം ലഭ്യമാവും
സൗജന്യ എമർജൻസി ആംബുലൻസ്
അസുഖ ബാധിതരായി വിദേശത്ത് നിന്നും എത്തുന്നവർക്ക് അവരുടെ വീടുകളിലേക്കോ ആവശ്യപ്പെടുന്ന ആശുപത്രിയിലേക്കോ ആംബുലൻസിൽ സൗജന്യമായി എത്തിക്കുന്ന പദ്ധതിയാണ് നോർക്ക എമർജൻസി ആംബുലൻസ് സർവ്വീസ്. പ്രവാസികളുടെ മൃതദേഹവും ഇത്തരത്തിൽ വീടുകളിലെത്തിക്കാൻ സഹായം ലഭിക്കും.നിലവിൽ കേരളത്തിലെ വിമാനത്താവളങ്ങളിലും മംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിലും സേവനം ലഭ്യമാണ്
നാട്ടിലേക്ക് മടങ്ങിയ പ്രവാസികൾക്ക് ആയി
NDPREM (NORKA Department Project for Returned Emigrants):
ഈ പദ്ധതി പ്രകാരം, രണ്ട് വർഷത്തെ പ്രവാസത്തിനുശേഷം മടങ്ങിയെത്തിയ പ്രവാസികൾക്കും പ്രവാസി കൂട്ടായ്മകൾക്കും നോർക്ക റൂട്ട്സുമായി കരാറിൽ ഏർപ്പെട്ടിട്ടുള്ള ധനകാര്യ സ്ഥാപനത്തിലൂടെ വായ്പകൾ സ്വീകരിച്ച് സംരംഭങ്ങൾ തുടങ്ങാവുന്നതാണ്.സംരംഭകർക്ക് നോർക്ക റൂട്ട്സ് 15% മൂലധന സബ്ലിഡിയും (പരമാവധി മൂന്ന് ലക്ഷം രൂപ വരെ), കൃത്യമായി തിരിച്ചടവ് നടത്തുന്നവർക്ക് 3% പലിശ സബ്ലിഡിയും നൽകും.
പ്രവാസി നിയമസഹായ സെൽ
വിദേശ രാജ്യങ്ങളിൽ നിയമപ്രശ്നങ്ങൾ നേരിടുന്ന മലയാളികൾക്ക് ,സൗജന്യ നിയമസഹായം.മലയാളി അഭിഭാഷകരുടെ സേവനം,വിവർത്തന സഹായം,നിയമോപദേശം എന്നിവ നൽകുന്ന സംവിധാനമാണ് പ്രവാസി നിയമസഹായ സെൽ അഥവാ പ്രവാസി നിയമ സഹായ പദ്ധതി
വനിതാമിത്ര പദ്ധതി
വിദേശത്ത് കുറഞ്ഞത് രണ്ടു വർഷം ജോലി ചെയ്ത് തിരിച്ചെത്തിയ പ്രവാസി വനിതകൾക്ക് സംരംഭം തുടങ്ങാൻ സാമ്പത്തിക പിന്തുണ നൽകുന്ന പദ്ധതിയാണ് വനിതാമിത്ര പദ്ധതി.പദ്ധതി മുഖേന 1 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ വായ്പ ലഭ്യമാകും.കൃത്യമായ വായ്പാതിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും നോർക്ക റൂട്ട്‌സിൽ നിന്നും മൂന്ന് ശതമാനം പലിശ സബ്‌സിഡിയും ലഭ്യമാകും.നോർക്ക റൂട്ട്‌സും കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
പ്രവാസി സംഘങ്ങൾക്ക് ധനസഹായം
പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങൾക്ക് സംസ്ഥാന സർക്കാർ 3 ലക്ഷം രൂപ വരെ ഒറ്റത്തവണ ധനസഹായം നൽകുന്ന പദ്ധതിയാണ് .
അപേക്ഷിക്കുന്ന സമയത്ത് സംഘത്തിൽ 50 അംഗങ്ങളെങ്കിലും ഉണ്ടായിരിക്കണം. രജിസ്‌ട്രേഷന് ശേഷം രണ്ടു വർഷം പൂർത്തിയായിരിക്കുകയും വേണം. എ, ബി ക്ലാസ് അംഗങ്ങൾ പ്രവാസികൾ/തിരിച്ചെത്തിയ പ്രവാസികൾ ആയിരിക്കണം
ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പ് പദ്ധതി
പ്രവാസി കേരളീയരുടെ മക്കൾക്കായി നോർക്ക റൂട്ട്‌സ് (NORKA Roots) ഏർപ്പെടുത്തിയിട്ടുള്ള ഉന്നതവിദ്യാഭ്യാസ ധനസഹായ പദ്ധതിയാണ് 'ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പ്'. രണ്ട് വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന വാർഷിക വരുമാനം 3 ലക്ഷം രൂപ വരെയുളള പ്രവാസികളുടെയും, തിരിച്ചെത്തിയ പ്രവാസികളുടെയും മക്കൾക്കാണ് ഈ സ്‌കോളർഷിപ്പിന് അർഹതയുള്ളത്
പ്രൊഫഷണൽ ഡിഗ്രി / പി.ജി ഒന്നാം വർഷ വിദ്യാർത്ഥികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. അതേസമയം പഠിക്കുന്ന കോഴ്സിനു വേണ്ട യോഗ്യതാപരീക്ഷയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് വിദ്യാർത്ഥികൾ കരസ്ഥമാക്കിയവരാകണം.20,000 രൂപ വരെയാണ് ധനസഹായമായി ലഭ്യമാകും.