ഹജ് തീർഥാടകരുടെ മടക്കയാത്ര: ദുബായ് വിമാനത്താവളങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി
May 30, 2026, 13:38 IST
ഹജ് തീർഥാടകരുടെ മടക്കയാത്രയും ബലിപെരുന്നാൾ അവധിക്കാലത്തെ തിരക്കും പ്രമാണിച്ച് ദുബായിലെ എല്ലാ വിമാനത്താവളങ്ങളിലും അതിർത്തി കവാടങ്ങളിലും വിപുലമായ ഒരുക്കങ്ങളുമായി ദുബായ് കസ്റ്റംസ്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും കസ്റ്റംസ് പരിശോധനകൾ വേഗത്തിലാക്കുന്നതിനുമായി സ്മാർട്ട് സംവിധാനങ്ങളും കൂടുതൽ ഉദ്യോഗസ്ഥരെയും വിന്യസിച്ചതായി അധികൃതർ അറിയിച്ചു. സുരക്ഷിതവും സുഗമവുമായ യാത്രാനുഭവം ഉറപ്പാക്കാൻ എല്ലാ കസ്റ്റംസ് കേന്ദ്രങ്ങളും പൂർണസജ്ജമാണ്.തീർഥാടകരുടെ മടക്കയാത്ര പ്രമാണിച്ച് ദുബായ് വിമാനത്താവളങ്ങളിൽ പ്രത്യേക പ്രവർത്തന പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഹജ് കൺട്രോളുകൾക്ക് സമീപമുള്ള കൈപ്പേഴ്സ് പരിശോധനാ മേഖലയിൽ തീർഥാടകർക്കായി പ്രത്യേക പാതകൾ തരംതിരിച്ചിട്ടുണ്ട്. തീർഥാടകരുടെ ലഗേജുകൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി എക്സിറ്റ് ഗേറ്റുകളോട് ചേർന്നുള്ള പ്രത്യേക ബാഗേജ് ബെൽറ്റുകളും അനുവദിച്ചു. കസ്റ്റംസ് പരിശോധനാ ഹാളുകളിൽ മറ്റ് യാത്രക്കാരുമായി തിരക്ക് ഉണ്ടാകാതിരിക്കാൻ പ്രത്യേക എക്സിറ്റ് ഗേറ്റുകളും ഇലക്ട്രോണിക് പരിശോധനാ ചാനലുകളും സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര ആരോഗ്യ സാഹചര്യങ്ങൾ നേരിടുന്നതിനായി ദുബായ് ആംബുലൻസ് കോർപ്പറേഷനുമായി സഹകരിച്ച് വിമാനത്താവള ഹാളുകളിൽ പാരാമെഡിക് ജീവനക്കാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.