ഹജ്ജ് ഒരുക്കങ്ങൾ വേഗത്തിലാക്കുന്നു; പ്രാരംഭ തയാറെടുപ്പുകൾ വിശദീകരിച്ച് സൗദി ഹജ്ജ് മന്ത്രാലയം
അടുത്ത ഹജ്ജിനുള്ള ഒരുക്കങ്ങൾ ഹജ്ജ് ഉംറ മന്ത്രാലയം വേഗത്തിലാക്കുന്നു. പ്രവർത്തന സന്നദ്ധത വർധിപ്പിക്കുന്നതിനും തീർഥാടകർക്ക് അവരുടെ യാത്രയുടെ എല്ലാ ഘട്ടങ്ങളിലും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്ര പദ്ധതിയുടെ ഭാഗമായി പതിവിലും വളരെ നേരത്തെ ഹജ്ജ് ഒരുക്കങ്ങൾ ആരംഭിച്ചതായി ‘എക്സ്’ പ്ലാറ്റ്ഫോമിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ മന്ത്രാലയം അറിയിച്ചു.
നേരിട്ടുള്ള ഹജ്ജ് പരിപാടിയിലൂടെ ഇതുവരെ 90,000 ത്തിലധികം തീർഥാടകർ രജിസ്റ്റർ ചെയ്തതായും മന്ത്രാലയം സൂചിപ്പിച്ചു. ഹജ്ജ് സീസണിൽ തീർഥാടകരെ സേവിക്കുന്നതിലും ഫീൽഡ്, സർവീസ് പ്രവർത്തനങ്ങളെ പിന്തുണക്കുന്നതിലും സമൂഹ പങ്കാളിത്തം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക ഉത്തരവാദിത്ത പരിപാടികൾക്കും സന്നദ്ധസേവന സംരംഭങ്ങൾക്കുമുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് തുടരുകയാണ്. അടിസ്ഥാന സേവനങ്ങളെ സംബന്ധിച്ചിടത്തോളം താമസ, കാറ്ററിങ് കരാറുകൾ വികസിപ്പിക്കുന്നതും പുരോഗമിക്കുകയാണ്.
അടുത്ത ഹജ്ജ് സീസണിൽ സന്നദ്ധ സേവനം നടത്താൻ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷൻ പൂർത്തിയായതായി മന്ത്രാലയം പ്രഖ്യാപിച്ചു.
ഹജ്ജ് ജോലികൾ വ്യവസ്ഥാപിതമാക്കുക, പ്രകടന സൂചകങ്ങൾ നിർവചിക്കുക, സ്ഥാപനങ്ങൾക്കിടയിൽ കാര്യക്ഷമത മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടുള്ള പങ്കാളിത്ത പരിപാടിയും ആരംഭിച്ചിട്ടുണ്ട്. പുണ്യസ്ഥലങ്ങളിലെ സേവനങ്ങളുടെ കരാർ 77 ശതമാനം കവിഞ്ഞു.
ഇത് പ്രാരംഭ തയ്യാറെടുപ്പുകളിൽ കൈവരിച്ച ഗണ്യമായ പുരോഗതിയെ പ്രതിഫലിപ്പിക്കുന്നു. നടപടിക്രമങ്ങൾ മാനദണ്ഡമാക്കുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി വിദേശത്തു നിന്നുള്ള തീർഥാടകർക്കുള്ള സേവന ദാതാക്കൾക്കായി അപ്ഡേറ്റ് ചെയ്ത സംവിധാനത്തിന്റെ വിന്യാസവും പൂർത്തിയായി. ഡിജിറ്റൽ സേവനങ്ങൾ തുടർച്ചയായി വികസിപ്പിക്കുന്നതിനും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രതിബദ്ധത മന്ത്രാലയം സ്ഥിരീകരിച്ചു.
നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും തീർഥാടകരുടെ യാത്ര മെച്ചപ്പെടുത്തുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സന്ദർശനങ്ങളും അനുബന്ധ സേവനങ്ങളും സംഘടിപ്പിക്കുന്നതിനായി ‘നുസ്ക് മസാർ’ പ്ലാറ്റ്ഫോം വഴി 503 ഹോസ്പിറ്റാലിറ്റി സൈറ്റുകൾ സജീവമാക്കിയിട്ടുണ്ട്.