ഹജ്: മിനാ നഗരി ഉണർന്നു; നാളെ അറഫ സംഗമം
May 25, 2026, 14:00 IST
ഹജ്ജിന്റെ പുണ്യം ഏറ്റുവാങ്ങാൻ കൂടാരനഗരമുണർന്നു; 20 ലക്ഷത്തോളം തീർഥാടകരെ കൊണ്ട് ഇന്നു മിനാ നിറയും. ഹജ് അനുഷ്ഠാനങ്ങൾക്കായുള്ള ലളിതമായ വെള്ള വസ്ത്രം (ഇഹ്റാം) ധരിച്ച് മക്കയിൽ കഅബ പ്രദക്ഷിണവും പ്രാർഥനകളും പൂർത്തിയാക്കിയാണു തീർഥാടകർ മിനായിലേക്കു തിരിച്ചത്. തിരക്കൊഴിവാക്കാൻ പകുതിയോളം പേർ ഇന്നലെ വൈകിട്ടു തന്നെ മിനായിലേക്കു നീങ്ങിത്തുടങ്ങിയിരുന്നു. ഇന്ന് ഉച്ചയോടെ മുഴുവൻ തീർഥാടകരും കൂടാരങ്ങളിൽ അണിനിരക്കുന്നതോടെ ഹജ്ജിന് ഔദ്യോഗിക തുടക്കമാകും. നാളെയാണ് അറഫ സംഗമം.ഇന്ത്യക്കാരിൽ പകുതിയിലേറെപ്പേരും ഇന്നലെത്തന്നെ മിനായിലെത്തി. ഹജ് മിഷൻ ഒരുക്കിയ ബസിലായിരുന്നു യാത്ര. മിനായിൽ 2, 3, 4, 5 സോണുകളിലാണ് ഇന്ത്യൻ തീർഥാടകരുടെ താമസം. ഇവിടെ നിന്ന് അറഫയിലേക്ക് ബസിലും മെട്രോയിലുമായി തീർഥാടകരെ എത്തിക്കും.