ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് എം.എ. യൂസഫലി

 

ലോകമെമ്പാടുമുള്ള മുഴുവൻ മലയാളികൾക്കും സമ്പൽസമൃദ്ധിയുടെയും സമത്വത്തിന്റെയും സൗഹാർദത്തിന്റെയും ഓണാശംസകൾ നേർന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ഓണം സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാണെന്നും ജാതിമതഭേദമന്യേ ലോകമെങ്ങുമുള്ള മലയാളികൾ അതൊരു വലിയ ഉത്സവമായി ആഘോഷിക്കുകയാണെന്നും അദ്ദേഹം ഓണസന്ദേശത്തിൽ പറഞ്ഞു.

കേരളം പ്രതികൂല കാലാവസ്ഥയിലൂടെയും മഴക്കെടുതിയിലൂടെയുമാണ് കടന്നുപോകുന്നതെന്നും അതിനെ നാം തരണം ചെയ്യുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രവാസലോകത്തെ സംബന്ധിച്ച് ഇതൊരു യുദ്ധകാലമാണെങ്കിലും, ഗൾഫിലെ ഭരണാധികാരികൾ പൗരന്മാർക്കൊപ്പം തന്നെ മലയാളികളെയും ചേർത്തുപിടിക്കുകയാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഓണനാളുകളിൽ പ്രവാസികൾക്ക് ആവശ്യസാധനങ്ങളുടെ ലഭ്യതക്കുറവ് ഉണ്ടാകാത്ത രീതിയിൽ ലുലു സ്റ്റോറുകളിൽ എല്ലാം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ തലമുറയിലെ കുട്ടികൾക്ക് പഴമയുടെ പാരമ്പര്യവും സംസ്കാരവും പകർന്നുനൽകേണ്ടത് അനിവാര്യമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) ഈ കാലഘട്ടത്തിൽ, പഴമയും പുതുമയും ഒരുമിപ്പിച്ച് വേണം ഓണം ആഘോഷിക്കാനെന്നും എം.എ. യൂസഫലി കൂട്ടിച്ചേർത്തു.