സൗദിയിലെ ആരോഗ്യ പരിരക്ഷ വർധിച്ചു; ആയുർദൈർഘ്യവും
സൗദി അറേബ്യയിലെ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങൾ 97.4 ശതമാനമായി ഉയർന്നതായും ശരാശരി ആയുർദൈർഘ്യം 78.8 വർഷമായി വർധിച്ചതായും ആരോഗ്യ മേഖല പരിവർത്തന പരിപാടിയുടെ റിപ്പോർട്ട്. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ ആരോഗ്യ പരിരക്ഷയുടെ സാങ്കേതിക വിവരങ്ങൾ അനുസരിച്ച് വിദൂര പ്രദേശങ്ങളിൽ പോലും 97.4 ശതമാനം ആളുകൾക്ക് ആരോഗ്യ സേവനങ്ങൾ ലഭ്യമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
2024ഓടെ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള രണ്ടാം റിയാദ് ക്ലസ്റ്റർ, കിഴക്കൻ പ്രവിശ്യ ക്ലസ്റ്റർ, അൽഖസിം ക്ലസ്റ്റർ എന്നീ മൂന്ന് ആരോഗ്യ സംരക്ഷണ ക്ലസ്റ്ററുകൾ ഹെൽത്ത് ഹോൾഡിങ് കമ്പനിയിലേക്ക് മാറ്റുന്നതിലൂടെ സ്ഥാപനപരമായ പരിവർത്തനത്തിന്റെ ആദ്യ ഘട്ടം പൂർത്തിയാകും. 2024 ഓടെ 223,000ൽ അധികം സ്ത്രീകൾക്ക് സ്തനാർബുദം നേരത്തേ കണ്ടെത്താൻ സാധിക്കും. 2019ൽ പകർച്ചവ്യാധികൾ 55 ശതമാനമായിരുന്നത് 2024ൽ 87.5 ശതമാനമായി കുറയും.
ശരാശരി ആയുർദൈർഘ്യം 2023ൽ 77.6 വർഷമായിരുന്നത് 2024ൽ 78.8 വർഷമായി ഉയർന്നു. ആരോഗ്യ സേവനങ്ങളിലുള്ള മൊത്തത്തിലുള്ള സംതൃപ്തി 2023ൽ 80.9 ശതമാനമായിരുന്നത് 2024ൽ 83.4 ശതമാനമായി വർധിച്ചു. സൗദി വിഷൻ 2030 ആരംഭിച്ചതിന് ശേഷം ഗതാഗത അപകട മരണങ്ങളിൽ 57.4 ശതമാനം കുറവുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.