സൗദിയിൽ കനത്ത മഴ തുടരും; വാരാന്ത്യം വരെ ജാഗ്രതാ നിർദ്ദേശം

 

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നു മുതൽ അടുത്ത വെള്ളിയാഴ്ച വരെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രവിശ്യകളിലും മഴയ്ക്ക് സാധ്യതയുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളിൽ റിയാദ്, മക്ക, മദീന എന്നിവയ്ക്ക് പുറമെ തെക്കൻ പ്രവിശ്യകളായ അസീർ, ജിസാൻ, അൽബാഹ എന്നിവിടങ്ങളിലും മഴ ശക്തി പ്രാപിക്കും. തലസ്ഥാനമായ റിയാദിലും പരിസര പ്രദേശങ്ങളായ ദിരിയ, അൽഖർജ്, ഖിദ്ദിയ എന്നിവിടങ്ങളിലും മഴ പെയ്യും.മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയുള്ള കാറ്റ്, പൊടിക്കാറ്റ്, ആലിപ്പഴ വർഷം എന്നിവയ്ക്കും സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ തിരമാലകൾ ഉയരാനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. കാലാവസ്ഥാ കേന്ദ്രത്തിന്റെ വെബ്സൈറ്റിലൂടെയും ‘അൻവാ’ ആപ്പിലൂടെയും നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

കനത്ത മഴയെത്തുടർന്ന് അൽഖസീം, ഹായിൽ, ഹഫർ അൽബാത്തിൻ, സുൽഫി, അൽഗാത്ത്, ശഖ്‌റാ, മജ്മ തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ ക്ലാസുകൾ ഓൺലൈൻ വഴി (മദ്റസത്തി പ്ലാറ്റ്‌ഫോം) തുടരുന്നതാണ്.