ഇരുവശത്തേക്കും നാലുവരി പാതയുമായി ഹെസ്സാ സ്ട്രീറ്റ് പുതുമോടിയിൽ

 

ഇരുവശത്തേക്കും നാലുവരി പാതയുമായി ഹെസ്സാ സ്ട്രീറ്റ് പുതുമോടിയിൽ. അൽ ഖെയിൽ റോഡിൽ നിന്ന് ഷെയ്ഖ് സായിദ് റോഡിലേക്കുള്ള 4 കിലോമീറ്റർ നവീകരണം പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നത്. ഹെസ്സാ സ്ട്രീറ്റ് നവീകരണ പദ്ധതി ആദ്യ ഘട്ടത്തിന്റെ 90 ശതമാനവും പൂർത്തിയായി.റോഡിനു വീതി കൂടി എന്നതാണ് പ്രധാന മാറ്റം. അൽ അസായേൽ സ്ട്രീറ്റ്, ഫസ്റ്റ് അൽ ഖെയിൽ സ്ട്രീറ്റ്, ഷെയ്ഖ് സായിദ് റോഡ് എന്നിവ ചേരുന്ന ഇന്റർസെക്‌ഷനിൽ 4 വരികളോടു കൂടിയ പുതിയ രണ്ടു പാലങ്ങൾ നിർമിച്ചു. അൽ ഖെയിൽ റോഡിൽ നിന്ന് ഹെസ്സാ സ്ട്രീറ്റിലേക്കും ഷെയ്ഖ് സായിദ് റോഡിലേക്കുമുള്ള വാഹനങ്ങളുടെ ഒഴുക്ക് ഇതോടെ സുഗമമായി.

തിരക്കേറിയ സമയം മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കുണ്ടാകുന്ന സ്ഥലമാണ് ഹെസ്സാ സ്ട്രീറ്റ്. സൈക്കിൾ ട്രാക് ജോലികളും റോഡുകളുടെ മിനുക്കു പണികളും മാത്രമാണ് അവശേഷിക്കുന്നത്. മൊത്തം 13.5 കിലോമീറ്ററിലാണ് സൈക്കിൾ ട്രാക്ക് നിർമാണം. ആകെ 69 കോടി ദിർഹമാണ് ഹെസ്സാ സ്ട്രീറ്റ് നവീകരണ പദ്ധതിയുടെ ചെലവ്.

അൽ സുഫൂഹ് 2, ബർഷ, ജുമൈറ വില്ലേജ് സർക്കിൾ എന്നീ പാർപ്പിട മേഖലയ്ക്കാണ് നവീകരണത്തിൽ ഏറ്റവും ഗുണം ലഭിക്കുക. മീഡിയ സിറ്റിയിലേക്കുള്ള യാത്രയും സുഗമമാകും. അടുത്ത 4 വർഷത്തിനകം 6.4 ലക്ഷം പേർ ഈ പ്രദേശങ്ങളിൽ താമസക്കാരായി ഉണ്ടാകും. ഇവരെ മുൻകൂട്ടി കണ്ടുള്ള വികസനമാണ് ഇപ്പോൾ പൂർത്തിയായത്.

മണിക്കൂറിൽ 8000 വാഹനങ്ങൾ കടന്നുപോകാൻ ശേഷിയുണ്ടായിരുന്ന ഹെസ്സാ സ്ട്രീറ്റിൽ നവീകരണത്തോടെ 16000 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷി വന്നതായി ആർടിഎ ഡയറക്ടർ ജനറൽ മത്തർ അൽ തായർ പറഞ്ഞു. ഹെസ്സാ സ്ട്രീറ്റ് – ഷെയ്ഖ് സായിദ് റോഡ് ഇന്റർ സെക്‌ഷൻ നവീകരണമാണ് പദ്ധതിയിൽ പ്രധാനം.

ദുബായ് മെട്രോ റെഡ് ലൈനിനു മുകളിലൂടെ പാലം നിർമിച്ചു ഷെയ്ഖ് സായിദ് റോഡിൽ നിന്നുള്ള വാഹനങ്ങൾ ഹെസ്സാ സ്ട്രീറ്റ് വഴി എമിറേറ്റ്സ് റോഡിലേക്കു കടക്കാൻ സൗകര്യമൊരുക്കും. ഫസ്റ്റ് അൽഖെയിൽ റോഡും ഹെസ്സാ സ്ട്രീറ്റും ചേരുന്ന ഇന്റർ സെക്‌ഷൻ നവീകരണമാണ് രണ്ടാമത്തേത്.