ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും വ്ലാദിമിർ സെലൻസ്‌കിയും കൂടിക്കാഴ്ച നടത്തി

 

മേഖലയിലെ വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, പ്രാദേശികവും അന്തർദേശീയവുമായ പുതിയ സംഭവവികാസങ്ങൾ പങ്കുവെച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്‌കിയും കൂടിക്കാഴ്ച നടത്തി. ഖത്തറിനിനും മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും നേരെ ഇറാൻ തുടരുന്ന കടന്നുകയറ്റവും യുക്രെയ്ൻ യുദ്ധവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായി.

ഖത്തറിനോടുള്ള ഐക്യദാർഢ്യം ആവർത്തിച്ച യുക്രെയ്ൻ പ്രസിഡന്റ്, ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും പൗരന്മാരുടെ സംരക്ഷണവും ഉറപ്പാക്കാൻ ഖത്തർ സ്വീകരിക്കുന്ന നടപടികൾക്ക് സെലൻസ്‌കി പൂർണ്ണ പിന്തുണയും പ്രഖ്യാപിച്ചു.

പശ്ചിമേഷ്യയിലും യുക്രെയ്നിലും വ്യാപിക്കുന്ന എല്ലാ സംഘർഷവും സൈനിക നടപടികളും ഉടനടി അവസാനിപ്പിക്കണമെന്ന് ഇരുപക്ഷവും വ്യക്തമാക്കി. സംഘർഷം വ്യാപിക്കുന്നത് പ്രാദേശിക, അന്തർദേശീയ സുരക്ഷയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. നിലവിലുള്ള പിരിമുറുക്കവും സൈനിക നടപടികളും പരിഹരിക്കുന്നതിനും സമാധാനം ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കണമെന്നും ഇരുപക്ഷവും ആവശ്യപ്പെട്ടു. ​

തുടർന്ന് നടന്ന ഉഭയകക്ഷി ചർച്ചയിൽ പ്രാദേശിക -ആഗോള വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകോപനവും കൂടിയാലോചനകളും തുടരാൻ തീരുമാനിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും സൗഹൃദ ബന്ധങ്ങളും അവ മെച്ചപ്പെടുത്താനുള്ള വഴികളും ചർച്ചയായി. സാങ്കേതികവിദ്യ, സുരക്ഷ, പ്രതിരോധം, ഊർജം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വികസിപ്പിക്കുന്നതിനെക്കുറിച്ചും ഇരു നേതാക്കളും അവലോകനം ചെയ്തു.