റിയാദ് വിമാനത്താവളത്തിനു നേരെ ഹൂതി മിസൈലാക്രമണം

 

 

 

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെ യമനിലെ ഹൂതി വിമതർ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തി. റിയാദ് വിമാനത്താവളത്തെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണത്തിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടതായി ഹൂതി സൈനിക വക്താവ് യഹ്യ സരീ സമൂഹമാധ്യമത്തിൽ അറിയിച്ചു.ആക്രമണം കൃത്യമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതിനു പുറമെ താൽക്കാലിക ഭരണകൂടത്തിന്റെ തലസ്ഥാനമായ ഏഡൻ വിമാനത്താവളത്തിനു സമീപമുള്ള പ്രദേശവും ലക്ഷ്യമിട്ടതായി ഹൂതികൾ റിപോർട്ട് ചെയ്തു.

എന്നാൽ, റിയാദിനു വടക്കുഭാഗത്ത് ഹൂതികൾ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ സഖ്യസേന വിജയകരമായി തകർത്തതായി സൗദി സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. ഹൂതി ഭീകരർ അയച്ച മിസൈൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുൻപുതന്നെ തകർക്കാൻ സൈന്യത്തിനു സാധിച്ചു. സൗദിയുടെ തെക്കുപടിഞ്ഞാറൻ മേഖല ലക്ഷ്യമാക്കി ഹൂതികൾ അയച്ച മറ്റൊരു ബാലിസ്റ്റിക് മിസൈലും സൈന്യം തടഞ്ഞു തകർത്തതായി റിപോർട്ടുണ്ട്.

വ്യോമസേനാ താവളം സ്ഥിതിചെയ്യുന്ന ഖമീസ് മുശൈതിനെ ലക്ഷ്യമിട്ടാണ് ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ മിസൈൽ തൊടുത്തത്. ഇതും സഖ്യസേനാ വിഭാഗം തകർക്കുകയായിരുന്നു. റിയാദ് വിമാനത്താവളത്തിനു നേരെ മുൻപും പലതവണ ഹൂതികൾ മിസൈലാക്രമണങ്ങൾ നടത്തിയിട്ടുണ്ട്.