ദുബായിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടം; നിർത്തിവച്ച വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

 

 

അടുത്ത വർഷം ആദ്യത്തോടെ ദുബായിലേക്കുള്ള വിമാന സർവീസുകൾ പൂർണമായി പുനരാരംഭിക്കുന്നത് സംബന്ധിച്ച് പ്രമുഖ രാജ്യാന്തര വിമാനക്കമ്പനികളുമായി ചർച്ചകൾ പുരോഗമിക്കുന്നതായി ദുബായ് എയർപോർട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ (സിഇഒ) പോൾ ഗ്രിഫിത് സ്. പ്രമുഖ വിമാനക്കമ്പനികൾ സർവീസുകൾ വീണ്ടും തുടങ്ങുന്നതുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനങ്ങൾ ഏതാനും ആഴ്ചകൾക്കുള്ളിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ദുബായിലേക്കുള്ള യാത്രാക്കാരുടെ എണ്ണത്തിൽ വലിയ വർധനയാണ് രേഖപ്പെടുത്തുന്നത്. ഈ സാഹചര്യത്തിൽ സർവീസുകൾ പുനരാരംഭിക്കാനുള്ള അവസരം ഒരു കമ്പനിയും നഷ്ടപ്പെടുത്താൻ ആഗ്രഹിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മേഖലാതലത്തിൽ നിലനിന്നിരുന്ന സംഘർഷങ്ങളെ തുടർന്ന് നിർത്തിവച്ചിരുന്ന ബ്രിട്ടീഷ് എയർവേസ്, ലുഫ്താൻസ, റോയൽ എയർ മാറോക്, സൺഎക്സ്പ്രസ്, സെബു പസഫിക്, എയർ ഫ്രാൻസ് തുടങ്ങിയ വിമാനക്കമ്പനികൾ ഇതിനകം ദുബായിലേക്ക് സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. എന്നാൽ യുണൈറ്റഡ് എയർലൈൻസ് അടക്കമുള്ള ചില കമ്പനികൾ സർവീസ് വിലക്ക് അടുത്ത വർഷം വരെ നീട്ടിയിരുന്നു.

ഈ വർഷം ആദ്യത്തെ ഒൻപത് മാസങ്ങളിൽ 5.04 കോടി യാത്രക്കാരാണ് ദുബായ് രാജ്യാന്തര വിമാനത്താവളം (ഡിഎക്സ്ബി) വഴി കടന്നുപോയത്. പ്രാദേശികമായ പ്രതിസന്ധികൾ കാരണം മുൻവർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 28.1 ശതമാനം കുറവുണ്ടായി. കോവിഡ് കാലത്തിന് ശേഷമുണ്ടായതിന് സമാനമായ വേഗത്തിലുള്ള തിരിച്ചുവരവാണ് വ്യോമയാന മേഖലയിൽ പ്രതീക്ഷിക്കുന്നത്. ഈ വർഷം ആകെ 7.1 കോടി യാത്രക്കാരെയും അടുത്ത വർഷത്തോടെ 10 കോടി യാത്രക്കാരെയും വിമാനത്താവളം പ്രതീക്ഷിക്കുന്നതായി പോൾ ഗ്രിഫിത് സ് കൂട്ടിചേർത്തു.