റാസൽഖൈമയിൽ ഇന്ത്യൻ പ്രവാസികൾക്ക് ശ്മശാനത്തിന് ഭൂമി അനുവദിച്ചു
റാസൽഖൈമയിൽ ഇന്ത്യൻ പ്രവാസി സമൂഹത്തിനായി ശ്മശാനം സ്ഥാപിക്കാൻ ഭൂമി അനുവദിച്ചു. അൽ ജസീറ അൽ ഹംറയിലാണ് റാസൽഖൈമ ഭരണകൂടം ഭൂമി അനുവദിച്ചിരിക്കുന്നത്. ഭൂമി അനുവദിച്ച യുഎഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ ആൽഖാസിമിക്കും ഭരണകൂടത്തിനും ദുബൈ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ്‌കുമാർ ശിവൻ നന്ദി അറിയിച്ചു.
ശൈഖ് സൗദിനെ സന്ദർശിച്ച ശേഷം റാക് ഇന്ത്യൻ റിലീഫ് കമ്മിറ്റി (ഐ.ആർ.സി) ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഭൂമി കൈമാറിയ വിവരം കോൺസൽ ജനറൽ വ്യക്തമാക്കിയത്. കേന്ദ്രത്തിന്റെ നിർമാണം, ഭരണനിർവഹണം, പരിപാലനം എന്നിവയുടെ ചുമതല ഇന്ത്യൻ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള കോർ കമ്മിറ്റിക്കായിരിക്കും. പദ്ധതിയുടെ ആദ്യപടിയായി റാസൽഖൈമ മുനിസിപ്പാലിറ്റി നൽകിയ ലാൻഡ് മാപ്പ് കോർ കമ്മിറ്റിക്ക് കൈമാറി.
നിലവിൽ ഇലക്ട്രിക് ക്രിമേറ്റോറിയം ഇല്ലാത്തതിനാൽ റാസൽഖൈമയിലുള്ളവർ ദഹനകർമങ്ങൾക്കായി ഷാർജയിലെ ക്രിമേറ്റോറിയത്തെയാണ് ആശ്രയിച്ചിരുന്നത്. പുതിയ ശ്മശാനം വരുന്നതോടെ മരണാനന്തര ചടങ്ങുകൾ കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും പൂർത്തിയാക്കാൻ പ്രവാസികൾക്ക് സാധിക്കും.