ഇറാൻ വ്യോമാക്രമണം: കുവൈത്ത് വിമാനത്താവളത്തിന് വൻ നാശനഷ്ടം

 

പുലർച്ചെയുണ്ടായ വ്യോമാക്രമണ പരമ്പരകളിൽ കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോൺ, മിസൈൽ ആക്രമണമുണ്ടായി. ആക്രമണത്തിൽ വിമാനത്താവളത്തിന്റെ പ്രധാന ടെർമിനലിന് (ടി വൺ) കാര്യമായ നാശനഷ്ടം സംഭവിക്കുകയും ഒട്ടേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു.ഇതേത്തുടർന്ന് കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുകയും സർവീസുകൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സൈന്യം പൂർണ സജ്ജമാണെന്നും കുവൈത്ത് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഇതേത്തുടർന്ന് കോഴിക്കോട് നിന്നും കുവൈത്തിലേയ്ക്ക് പുറപ്പെട്ട ഐഎക്സ് 393 എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പകുതി വഴിയിൽ കോഴിക്കോട്ടേക്ക് തിരിച്ചു വിട്ടു.

ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണങ്ങളെത്തുടർന്ന് വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റിയും അറിയിച്ചു. കഴിഞ്ഞ ദിവസം ഇറാന്റെ അധീനതയിലുള്ള ഖേഷ്ം ദ്വീപിലെ താവളങ്ങൾക്ക് നേരെ യുഎസ് സൈന്യം സ്വയംരക്ഷാർത്ഥം ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായാണ് യുഎസ് സൈനിക കേന്ദ്രങ്ങളും സഖ്യരാജ്യങ്ങളിലെ തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡ് കോർപ്സ് മിസൈൽ ആക്രമണം ശക്തമാക്കിയത്.