മറുപ്രഹരത്തിൽ മിതത്വം പാലിക്കുന്നത് ദൗർബല്യമായി ഇറാൻ കരുതരുത്: യുഎഇ അംബാസഡർ
നേരിട്ട് ആക്രമിച്ചവരെയല്ല, പകരം സമാധാനപ്രിയരായ അയൽക്കാരെയാണ് ഇറാൻ നിരന്തരം പ്രഹരിക്കുന്നതെന്നും അത് അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നെന്നും ഇന്ത്യയിലെ യുഎഇ അംബാസഡർ അബ്ദുൽനാസർ അൽഷാലി പറഞ്ഞു. മറുപ്രഹരത്തിൽ മിതത്വം പാലിക്കുന്നത് യുഎഇയുടെ ദൗർബല്യമായി ഇറാൻ കരുതരുതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിസന്ധികളിൽനിന്ന് കരുത്താർജിച്ചാണ് രാജ്യം മുന്നേറുന്നത്. സാമ്പത്തിക, സാമൂഹിക അടിത്തറയ്ക്ക് ഒരു ക്ഷതവും സംഭവിച്ചിട്ടില്ല. ജിഡിപിയുടെ മുക്കാൽപങ്കും എണ്ണമേഖലയ്ക്കു പുറത്തുനിന്നാണ്. ഹോർമുസ് കടലിടുക്ക് അടച്ചിട്ട് ഇന്ത്യയുൾപ്പെടെ ലോകത്തെ എല്ലാ രാജ്യങ്ങളോടുമുള്ള സാമ്പത്തിക യുദ്ധമാണ് ഇറാന്റേതെന്നും ആരോപിച്ചു.
യുഎഇയും ഇന്ത്യയും തമ്മിലുളളത് സോദരബന്ധമാണെന്നും ഇഴയടുപ്പമുള്ള നയതന്ത്ര സഹകരണമാണ് ഈ മൈത്രിയുടെ മുഖമുദ്രയെന്നും യുഎഇ അംബാസഡർ അഭിപ്രായപ്പെട്ടു. യുഎഇയുടെ വിഷമസന്ധികളിൽ ഇന്ത്യ എന്നും ഒപ്പമുണ്ടായിരുന്നെന്നും ഓർമിച്ചു.
‘ഇന്ത്യയുമായുള്ള വ്യാപാരബന്ധങ്ങളെല്ലാം കരുത്തോടെ തുടരുന്നു. യുദ്ധസാഹചര്യത്തിൽ യുഎഇയിലെ ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണു നൽകുന്നത്. രാജ്യത്തെ ഓരോരുത്തരുടെയും ക്ഷേമം തന്റെ വ്യക്തിപരമായ ഉത്തരവാദിത്തമാണെന്നാണ് പരുക്കേറ്റ ഇന്ത്യക്കാരനെ ആശുപത്രിയിൽ സന്ദർശിച്ചപ്പോൾ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞത്. യുഎഇ നേതൃത്വത്തെ ഇതിൽനിന്നു മനസ്സിലാക്കാം’– അൽഷാലി പറഞ്ഞു.