ഇറാന്റെ ആക്രമണം: സമാധാനത്തിന് കൈകൊടുക്കാം, പക്ഷേ പരമാധികാരത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ജിസിസി

 

ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന അകാരണമായ ആക്രമണങ്ങൾ തടയാൻ രാജ്യാന്തര സുരക്ഷാ സമിതി അടിയന്തരമായി ഇടപെടണമെന്ന് ജിസിസി ജനറൽ സെക്രട്ടറി ജാസിം മുഹമ്മദ് അൽബുദൈവി. ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടന്ന ഉന്നതതല യോഗത്തിലാണ് അദ്ദേഹം കടുത്ത ഭാഷയിൽ നിലപാട് വ്യക്തമാക്കിയത്.ഫെബ്രുവരി 28 മുതൽ ജിസിസി രാഷ്ട്രങ്ങൾക്കെതിരെ ഇറാൻ്റെ ഭാഗത്തുനിന്ന് തുടർച്ചയായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ഉണ്ടാകുന്നുണ്ടെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ജാസിം മുഹമ്മദ് അൽബുദൈവി ചൂണ്ടിക്കാട്ടി.

മേഖലയിലെ സമാധാനത്തിന് എന്നും മുൻകൈ എടുത്തിട്ടുള്ള രാജ്യങ്ങളാണ് ജിസിസി അംഗങ്ങളെന്ന് അൽബുദൈവി ഓർമിപ്പിച്ചു. ഞങ്ങൾ സമാധാനത്തിനായി കൈനീട്ടുന്നു, എന്നാൽ ഞങ്ങളുടെ സുരക്ഷയിലോ പരമാധികാരത്തിലോ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ല. ഗൾഫ് മേഖലയെ സംഘർഷഭരിതമാക്കാൻ അനുവദിക്കില്ല,-അദ്ദേഹം പറഞ്ഞു. വിമാനത്താവളങ്ങൾ, എണ്ണ ശുദ്ധീകരണശാലകൾ, കുടിവെള്ള പ്ലാന്റുകൾ, ജനവാസ മേഖലകൾ എന്നിവ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ സാധാരണക്കാരുടെ ജീവന് ഭീഷണിയാണെന്നും വലിയ തോതിലുള്ള നാശനഷ്ടങ്ങൾ വരുത്തിവെച്ചതായും അദ്ദേഹം വിശദീകരിച്ചു.

കടൽപ്പാതകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ആഗോള സമ്പദ്‌വ്യവസ്ഥയുടെ നിലനിൽപ്പിന് അത്യാവശ്യമാണ്. ഹോർമുസ് കടലിടുക്ക് ഉൾപ്പെടെയുള്ള രാജ്യാന്തര ജലപാതകളിലെ ഗതാഗതം തടസ്സപ്പെടുത്താനുള്ള നീക്കങ്ങൾക്കെതിരെ കർശന നടപടി വേണം. ഇറാനുമായി ഭാവിയിൽ നടത്തുന്ന ഏതൊരു ചർച്ചയിലും കരാറിലും ജിസിസി രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തണമെന്നും എങ്കിൽ മാത്രമേ മേഖലയിൽ ശാശ്വതമായ സുരക്ഷ ഉറപ്പാക്കാൻ കഴിയൂ എന്നും സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. രാജ്യാന്തര സമൂഹത്തിന്റെ വിശ്വാസ്യത പരിശോധിക്കപ്പെടുന്ന സമയമാണിതെന്നും കൂട്ടായ സുരക്ഷ ഉറപ്പാക്കാൻ ഐക്യരാഷ്ട്രസഭ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.