ദുബായിൽ ജെറ്റ് സ്കീ അപകടം; 18-ാം ജന്മദിനത്തിൽ മൗറീഷ്യസ് സ്വദേശിനിയായ പെൺകുട്ടി മുങ്ങിമരിച്ചു

 

 

ദുബായിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ വിനോദസഞ്ചാരിയായ പതിനെട്ടുകാരി ജെറ്റ് സ്കീ അപകടത്തിൽപ്പെട്ട് മുങ്ങിമരിച്ചു. കിഴക്കൻ ആഫ്രിക്കൻ ദ്വീപ് രാഷ്ട്രമായ മൗറീഷ്യസിൽ നിന്നുള്ള പെൺകുട്ടിയാണ് മരിച്ചത്. ജന്മദിനവും മരണദിനവും ഒരേ ദിവസമായി മാറിയ ഈ ദുരന്തം പെൺകുട്ടിയുടെ കുടുംബത്തെ കടുത്ത ആഘാതത്തിലാഴ്ത്തി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒപ്പമുണ്ടായിരുന്ന മറ്റൊരു കൗമാരക്കാരിയെ ദുബായ് പൊലീസിന്റെ അതിവേഗ രക്ഷാപ്രവർത്തനത്തിലൂടെ അത്ഭുതകരമായി രക്ഷപെടുത്തി.പെൺകുട്ടിയുടെ പതിനെട്ടാം ജന്മദിനം ആഘോഷിക്കുന്നതിന്റെയും അവധിക്കാലം ചിലവഴിക്കുന്നതിന്റെയും ഭാഗമായാണ് മൗറീഷ്യസിൽ നിന്നും 17-ഉം 18-ഉം വയസ്സുള്ള രണ്ട് പെൺകുട്ടികൾ ദുബായിൽ എത്തിയത്. സമുദ്രത്തിലൂടെ ജെറ്റ് സ്കീ ഓടിക്കുന്നതിനിടയിൽ, തിരികെ വരുന്ന വഴിയിൽ ഇരുവരും സീറ്റുകൾ പരസ്പരം മാറാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ജെറ്റ് സ്കീ ഓടിക്കുന്നതിൽ പരിചയക്കുറവുള്ള പെൺകുട്ടി നിയന്ത്രണം ഏറ്റെടുത്തു. പെട്ടെന്ന് അമിതവേഗതയിലായ ജെറ്റ് സ്കീയുടെ നിയന്ത്രണം നഷ്ടമാവുകയും കടലിലെ തടയണയിലേക്ക് (Breakwater) ശക്തമായി ഇടിച്ചുകയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ട് പെൺകുട്ടികളും വെള്ളത്തിലേക്ക് തെറിച്ചുവീണു. ജന്മദിനം ആഘോഷിച്ച പെൺകുട്ടി സംഭവസ്ഥലത്ത് തന്നെ മുങ്ങിമരിക്കുകയായിരുന്നു.