കേരള സർക്കാർ സേവനങ്ങൾ ഒരുകുടക്കീഴിൽ; പ്രവാസികൾക്കായി യുഎഇയിൽ ഇ-ഫെസിലിറ്റേഷൻ സെന്റർ
പ്രവാസി മലയാളികൾക്ക് കേരള സർക്കാരുമായി ബന്ധപ്പെട്ട ഓൺലൈൻ സേവനങ്ങൾ യുഎഇയിൽ ലഭ്യമാക്കുന്നതിന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഇ-ഫെസിലിറ്റേഷൻ സെന്റർ സ്ഥാപിക്കാൻ അംഗീകാരം. ഇതുസംബന്ധിച്ച് അസോസിയേഷൻ നേരത്തെ സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
നോർക്ക ബിസിനസ് ഹബ്, നോർക്ക സെന്റർ, നോർക്ക ഹെൽപ് ലൈൻ തുടങ്ങി ഏതെങ്കിലുമൊരു സംവിധാനം അനുവദിക്കണമെന്ന അസോസിയേഷന്റെ ആവശ്യമാണ് ഒന്നിലേറെ സേവനങ്ങൾ ഒരു കുടക്കീഴിൽ നൽകാവുന്ന ഇ-ഫെസിലിറ്റേഷൻ സെന്റർ എന്ന ആശയത്തിലെത്തിയത്. ഇന്ത്യയ്ക്കു പുറത്ത് ഐടി നിയന്ത്രണമില്ലാത്ത സേവനങ്ങളായിരിക്കും ഈ കേന്ദ്രത്തിന്റെ പരിധിയിൽ വരിക.
തുടക്കത്തിൽ ഒന്നോ രണ്ടോ വർഷത്തേക്കായിരിക്കും അനുമതി. പിന്നീട് തുല്യകാലയളവിലേക്ക് പുതുക്കും. കെ-സ്മാർട്ട്, കെഎസ്.എഫ്.ഇ, നോർക്ക, പ്രവാസി ക്ഷേമനിധി, ഇ-ഡിസ്ട്രിക്ട്, റവന്യു തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടതും വിദേശത്തിരുന്നു ചെയ്യാവുന്നതുമായ വ്യക്തിഗത, കോർപറേറ്റ് സേവനങ്ങൾ ഈ സെന്ററിനു കീഴിൽ കൊണ്ടുവരാനാണ് ആവശ്യപ്പെട്ടത്.
ഇതു തത്വത്തിൽ അംഗീകരിച്ച സർക്കാർ നോർക്ക സെക്രട്ടറി ഇ.വി.അനുപമയുടെ നേതൃത്വത്തിൽ യുഎഇ, കുവൈത്ത്, ഖത്തർ, യുകെ, യുഎസ് രാജ്യങ്ങളിലെ 5 അംഗീകൃത സംഘടനകളുടെ ഓൺലൈൻ യോഗം വിളിച്ച് തുടർ ചർച്ചകൾ നടത്തി. യുഎഇയിൽനിന്ന് ഷാർജ ഇന്ത്യൻ അസോസിയേഷനാണ് യോഗത്തിൽ പങ്കെടുത്തത്. എങ്ങനെ സംവിധാനം നടപ്പിലാക്കണം, സേവന നിരക്ക് എങ്ങനെ ശേഖരിക്കണം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തു.
ധനകാര്യം, ടൂറിസ്റ്റ് തുടങ്ങി മറ്റു സർക്കാർ വകുപ്പുകളുടെ പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു. അന്തിമ ഘട്ടമെന്ന നിലയിൽ അസോസിയേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥനെ കേരളത്തിലേക്ക് അയച്ച് വിവിധ വകുപ്പുകളിലായി 10 ദിവസത്തെ പരിശീലനവും പൂർത്തിയാക്കി. നടപടി വേഗത്തിലാക്കി ഔദ്യോഗിക അംഗീകാരം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ട് അഭ്യർഥിച്ചതായി ജനറൽ സെക്രട്ടറി ശ്രീപ്രകാശ് മനോരമയോടു പറഞ്ഞു.
പൊലീസ് എൻആർഐ സെല്ലിലേക്കുള്ള പരാതികൾ നിർദിഷ്ട കേന്ദ്രത്തിലൂടെ നൽകാനാവുന്നത് സംബന്ധിച്ച സൗകര്യം ഒരുക്കണമെന്നും മുഖ്യമന്ത്രിക്കുള്ള പരാതികൾ നൽകാൻ സിഎം കണക്ട് എന്ന പദ്ധതി നടപ്പാക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
അണ്ടർ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ സിഎം കണക്ട് നടപ്പാക്കാം. ഇവ രണ്ടും യാഥാർഥ്യമായാൽ മുഖ്യമന്ത്രിക്കും കേരള പൊലീസിനുള്ളമുള്ള പരാതികളും നിവേദനങ്ങളും യുഎഇയിൽനിന്നു നൽകാനാകും. പരീക്ഷണാർഥം ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടപ്പാക്കുന്ന സേവനം വിജയകരമായാൽ വിവിധ രാജ്യങ്ങളിലേക്കു വ്യാപിപ്പിച്ചേക്കും.
ഇതിനു പുറമെ പ്രവാസി ഇന്ത്യക്കാർക്ക് ആധാർ, പാൻ കാർഡ് തുടങ്ങി കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട സേവനങ്ങൾ കൂടി ഇ-ഫെസിലിറ്റേഷൻ സെന്റർ വഴി നൽകാനാകുമോ എന്ന കാര്യം പരിശോധിക്കാമെന്ന് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവനും വ്യക്തമാക്കിയെന്ന് ശ്രീപ്രകാശ് സൂചിപ്പിച്ചു.