കൊച്ചി - മസ്‌കത്ത് വിമാനങ്ങള്‍ പറന്നു തുടങ്ങി; എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്, ഒമാന്‍ എയര്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു

 

ഗള്‍ഫിലെ സംഘര്‍ഷ സാഹചര്യത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു. കൊച്ചിയില്‍ നിന്ന് മസ്‌കത്തിലേക്കുള്ള ഒമാന്‍ എയര്‍വേസിന്റെ വിമാനം ഇന്ന് രാവിലെ 8.10-ന് പുറപ്പെട്ടു. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സും സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. മസ്‌കത്തില്‍ നിന്നുള്ള വിമാനം രാവിലെ 7.40-ഓടെ കൊച്ചിയിലെത്തി. ഇന്ന് ഉച്ചയ്ക്ക് 1.45-നും ഇന്ത്യയില്‍ നിന്ന് മസ്‌കത്തിലേക്ക് സര്‍വീസുണ്ട്. ഡല്‍ഹി, കൊച്ചി, കോഴിക്കോട്, മംഗളൂരു, മുംബൈ, തിരുച്ചിറപ്പള്ളി എന്നീ ആറ് നഗരങ്ങളിലേക്കാണ് എയര്‍ ഇന്ത്യ ഇന്ന് സര്‍വീസ് നടത്തുന്നത്.

അതേസമയം, യുഎഇയിലെ പ്രധാന വിമാനത്താവളങ്ങള്‍ ഇന്ന് മുതല്‍ ഭാഗികമായി പ്രവര്‍ത്തനം ആരംഭിക്കും. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. അബുദബിയില്‍ കുടുങ്ങിയവരുമായി ഇത്തിഹാദ് എയര്‍വേഴ്‌സിന്റെ ആദ്യ വിമാനം ഇന്നലെ രാത്രി 10 മണിയോടെ കൊച്ചിയിലെത്തിയിരുന്നു. സൗദിയിലെ ജിദ്ദയില്‍ നിന്ന് ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഇന്‍ഡിഗോ 10 ദുരിതാശ്വാസ വിമാനങ്ങള്‍ സര്‍വീസ് നടത്തും.

എന്നാൽ, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഇന്നും നിരവധി സര്‍വീസുകള്‍ റദ്ദാക്കി. കരിപ്പൂരില്‍ നിന്ന് വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള 40 സര്‍വീസുകളാണ് ഇന്ന് റദ്ദാക്കിയത്. കണ്ണൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്കുള്ള വിമാന വിലക്ക് ഇന്ന് അര്‍ദ്ധരാത്രി (ഇന്ത്യന്‍ സമയം 23.59) വരെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.