കുവൈത്തിൽ പുതിയ മാധ്യമ നിയമം: ആറു മാസത്തിനുള്ളിൽ നിലവിലുള്ള പദവി ക്രമവൽക്കരിക്കണം
രാജ്യത്ത് പുതിയ മാധ്യമ നിയമം പ്രഖ്യാപിച്ചു. പരമ്പരാഗത പത്രങ്ങളും പ്രസിദ്ധീകരണങ്ങളും, ദൃശ്യ-ശ്രാവ്യ മാധ്യമങ്ങൾ, സാങ്കേതിക പ്രക്ഷേപണ സേവനങ്ങൾ, ഇലക്ട്രോണിക് വാർത്താ മാധ്യമങ്ങൾ, വാർത്താ ഏജൻസികൾ, വിദേശ ലേഖകർ, കലാ ആവിഷ്കാരങ്ങൾ, ചലച്ചിത്രം എന്നിവയെല്ലാം പുതിയ നിയമത്തിന്റെ പരിധിയിൽ വരും.
പ്രസിദ്ധീകരണങ്ങൾ സംബന്ധിച്ച 2006-ലെ നിയമം നമ്പർ 3, ഓഡിയോ-വിഷ്വൽ മാധ്യമങ്ങൾ സംബന്ധിച്ച 2007-ലെ നിയമം നമ്പർ 61, ഇലക്ട്രോണിക് മാധ്യമങ്ങൾ സംബന്ധിച്ച 2016-ലെ നിയമം നമ്പർ 8 എന്നിവയും, മറ്റ് നിയമനിർമ്മാണങ്ങളും പുതിയ നിയമം റദ്ദാക്കുന്നു.ബന്ധപ്പെട്ട മന്ത്രി ആറു മാസത്തിനുള്ളിൽ ഭരണപരമായ ചട്ടങ്ങൾ പുറപ്പെടുവിക്കും. ഈ ചട്ടങ്ങൾ പുറപ്പെടുവിച്ച തീയതി മുതൽ ആറു മാസത്തിനുള്ളിൽ നിലവിലുള്ള മാധ്യമ നടത്തിപ്പുകാർ തങ്ങളുടെ പദവി ക്രമവൽക്കരിക്കണം. അല്ലാത്തവയുടെ ലൈസൻസ് റദ്ദാക്കും. സോഷ്യൽ മീഡിയ വഴിയുള്ള പരസ്യങ്ങളും വാണിജ്യപരമായ പ്രചാരണങ്ങളും ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്രവർത്തനങ്ങൾക്കും ഇത് ബാധകമാണ്. നിയമലംഘനങ്ങൾക്കും ലൈസൻസില്ലാത്ത മാധ്യമ പ്രവർത്തനങ്ങൾക്കും പിഴയും ഭരണപരമായ നടപടികളും നേരിടേണ്ടിവരും.
അതേസമയം, പൊതുക്രമം, ധാർമ്മികത, ദേശീയ സുരക്ഷ, വ്യക്തിഗത അവകാശങ്ങൾ എന്നിവയുടെ പരിധിക്കുള്ളിൽ നിന്ന് അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്കാര സ്വാതന്ത്ര്യം, പത്രസ്വാതന്ത്ര്യം, അച്ചടി-പ്രസിദ്ധീകരണ സ്വാതന്ത്ര്യം എന്നിവ ഭരണഘടനാപരമായി ഉറപ്പുനൽകുന്നതായും വ്യക്തമാക്കി.