കുറഞ്ഞ ചെലവിൽ വീണ്ടും 'പറക്കാം'! വിസ് എയർ യുഎഇയിലേക്ക് തിരിച്ചെത്തുന്നു
മലയാളികളടക്കമുള്ള സാധാരണക്കാരുടെയും കുറഞ്ഞ വരുമാനക്കാരുടെയും വിദേശയാത്രയെന്ന സ്വപ്നങ്ങൾക്ക് ചിറകുമുളപ്പിച്ച പ്രമുഖ ബജറ്റ് എയർലൈനായ 'വിസ് എയർ' യുഎഇയിലേക്ക് വീണ്ടും ചിറകടിച്ചുയരുന്നു.വിമാനയാത്രയെന്നത് വരേണ്യവർഗത്തിന് മാത്രം പ്രാപ്യമായ ഒന്നല്ലെന്ന് തെളിയിച്ച് വലിയ ജനപ്രീതി നേടിയ കമ്പനി ഒക്ടോബർ 25 മുതൽ ദുബായിലേക്കും അബുദാബിയിലേക്കും സർവീസുകൾ പുനരാരംഭിക്കുമെന്ന് ഔദ്യോഗികമായി അറിയിച്ചു. മലയാളികളടക്കമുള്ള സാധാരണക്കാരായ യാത്രക്കാർക്ക് വലിയ ആശ്വാസമേകുന്ന വാർത്തയാണിത്.∙ ആഴ്ചയിൽ 49 സർവീസുകൾ; ടിക്കറ്റ് നിരക്ക് 289 ദിർഹം മുതൽ
ദുബായ്, അബുദാബി, ജിദ്ദ, അമ്മാൻ എന്നിവിടങ്ങളിലേക്ക് 12 റൂട്ടുകളിലായി ആഴ്ചയിൽ 49 സർവീസുകളാണ് വിസ് എയർ നടത്തുക എന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. 289 ദിർഹം (ഏകദേശം 6,500 രൂപയോളം) മുതലാണ് ടിക്കറ്റ് നിരക്കുകൾ ആരംഭിക്കുന്നത്. എന്നാൽ ശീതകാലവും അവധിക്കാലവും അടുക്കുന്നതോടെ നിരക്കിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റിൽ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.