കുവൈത്തിലെ ആദ്യ ഗോൾഡൻ വിസ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക്

 

കുവൈത്ത് പുതുതായി പ്രഖ്യാപിച്ച 15 വർഷത്തെ തന്ത്രപ്രധാന ഗോൾഡൻ റെസിഡൻസി പെർമിറ്റ് (ഗോൾഡൻ വിസ) ആദ്യമായി ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ എം.എ. യൂസഫലിക്ക് ലഭിച്ചു. കുവൈത്ത് ഫസ്റ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹ് യൂസഫലിക്ക് പെർമിറ്റ് കൈമാറി. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്.

ആഗോള തലത്തിൽ നിന്നുള്ള ഉന്നത നിലവാരമുള്ള നിക്ഷേപങ്ങളെ രാജ്യത്തേക്ക് ആകർഷിക്കാനും, മേഖലയിലെ പ്രമുഖ ബിസിനസ്-നിക്ഷേപ കേന്ദ്രമെന്ന നിലയിൽ കുവൈത്തിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താനുമാണ് ഈ പുതിയ റെസിഡൻസി പദ്ധതിയിലൂടെ കുവൈത്ത് ഭരണകൂടം ലക്ഷ്യമിടുന്നത്. കഴിഞ്ഞ ജൂൺ 15-നാണ് കുവൈത്ത് തങ്ങളുടെ അഭിമാനകരമായ ഗോൾഡൻ റെസിഡൻസി പ്രോഗ്രാം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ഈ പദ്ധതി പ്രകാരം യോഗ്യരായ പ്രമുഖ വിദേശ നിക്ഷേപകർക്കും അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കും 15 വർഷം വരെ കാലാവധിയുള്ള റെസിഡൻസി പെർമിറ്റുകളാണ് അനുവദിക്കുക. കൂടാതെ കുവൈത്തിൽ പ്രവർത്തിക്കുന്ന വലിയ നിക്ഷേപ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അംഗീകൃത മുതിർന്ന എക്‌സിക്യൂട്ടീവുകൾക്കും പങ്കാളികൾക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.