മദീനയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്; സൗദിയിൽ റീട്ടെയ്ൽ ശൃംഖല വിപുലമാക്കുന്നു
സൗദി അറേബ്യയിൽ റീട്ടെയ്ൽ സാന്നിധ്യം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി ലുലു ഗ്രൂപ്പ് മദീനയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു. മദീന ചേംബർ ഓഫ് കൊമേഴ്‌സ് ബോർഡ് ചെയർമാൻ ഫഹദ് അല്യാൻ അൽമുഗീർ പുതിയ ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. മദീന ചേംബർ ഓഫ് കൊമേഴ്‌സ് സെക്രട്ടറി ജനറൽ അഹമ്മദ് ബക്കർ സൈദാൻ, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മദീനയിലെ രണ്ടാമത്തേതും, മക്കയും മദീനയുമടങ്ങുന്ന പുണ്യനഗരങ്ങളിലെ നാലാമത്തെയും ലുലു സ്റ്റോറാണിത്. മദീന കിംഗ് ഖാലിദ് റോഡിൽ ഹറമൈൻ ട്രെയിൻ സ്റ്റേഷന് സമീപമാണ് പുതിയ ഹൈപ്പർമാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. തീർത്ഥാടകർക്കും പ്രദേശവാസികൾക്കും കൂടുതൽ സൗകര്യപ്രദമായ ഷോപ്പിംഗ് ഉറപ്പാക്കുന്നതിനും സൗദി വിഷൻ 2030-ന് പിന്തുണയേകുന്നതിനുമാണ് പുതിയ സ്റ്റോറെന്ന് എം.എ. യൂസഫലി പറഞ്ഞു. രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങളും പ്രാദേശിക വികസനവും ലക്ഷ്യമിട്ടുള്ള വിപുലീകരണ പദ്ധതികളാണ് ലുലുവിനുള്ളതെന്നും ഭരണനേതൃത്വത്തിന്റെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് നിലകളിലായി 95,628 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ സജ്ജീകരിച്ചിരിക്കുന്ന സ്റ്റോറിൽ ഫ്രഷ് ഫുഡ്, ഗ്രോസറി, ഇലക്ട്രോണിക്സ്, തുണിത്തരങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയുടെ വൻ ശേഖരവും വിശാലമായ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ലുലു സി.ഇ.ഒ സെയ്ഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് തുടങ്ങിയ പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.