സൂര്യകൃഷ്ണമൂർത്തിയുടെ വേർപാടിൽ അനുശോചനം അറിയിച്ച് എം.എ യൂസഫലി
സാംസ്കാരിക-കലാ രംഗങ്ങളിൽ കേരളത്തിന്റെ പ്രശസ്തി ആഗോളതലത്തിൽ എത്തിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ പ്രമുഖ വ്യവസായി എം.എ യൂസഫലി അഗാധമായ ദുഃഖം രേഖപ്പെടുത്തി. കലാ സംഘാടകൻ, സാംസ്കാരിക നായകൻ, നാടകരചയിതാവ് എന്നീ നിലകളിലെല്ലാം തന്റേതായ മുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വേർപാട് സാംസ്കാരിക ലോകത്തിന് വലിയൊരു നഷ്ടമാണെന്ന് യൂസഫലി പറഞ്ഞു.
ലോക പ്രശസ്തമായ സൂര്യ ഫെസ്റ്റിവലിന്റെ ശില്പിയായ അദ്ദേഹം കഴിഞ്ഞ അരനൂറ്റാണ്ടോളമായി കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിലെ സജീവ സാന്നിധ്യമായിരുന്നു. ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിച്ച ഒരു ചടങ്ങിലാണ് സൂര്യകൃഷ്ണമൂർത്തിയുമായി കൂടുതൽ അടുക്കാൻ കഴിഞ്ഞതെന്ന് യൂസഫലി ഓർത്തെടുത്തു.
അന്ന് കേരളീയ സമാജം നൽകിയ വിശ്വകലാ പുരസ്കാര തുക നിർധന കുടുംബത്തിന് വീടുവെക്കാൻ നൽകുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിനൊപ്പം പങ്കാളിയാകാൻ കഴിഞ്ഞത് വലിയൊരു ആദരവായി കരുതുന്നുവെന്നും, ഈ അമൂല്യ പ്രതിഭയുടെ പെട്ടെന്നുള്ള വേർപാടിൽ അനുശോചിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.