ജൂലൈ ഒന്ന് മുതൽ യുഎഇയിൽ വൻ മാറ്റങ്ങൾ

 

 

യുഎഇയിലെ പ്രവാസികൾക്കും ബിസിനസ്സ് മേഖലയ്ക്കും നിർണായകമായ നിരവധി മാറ്റങ്ങളാണ് ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്. ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സർവീസ് ആരംഭിക്കുന്നത് മുതൽ സ്കൂൾ വേനലവധി, പാസ്‌പോർട്ട് നിരക്ക് വർധന, ഷാർജയിലെ പാർക്കിംഗ് നിയമങ്ങൾ, ബിസിനസ് നിയമങ്ങളിലെ മാറ്റങ്ങൾ എന്നിങ്ങനെ അഞ്ച് സുപ്രധാന കാര്യങ്ങളാണ് ഈ മാസം മുതൽ മാറാൻ പോകുന്നത്.

ഇത്തിഹാദ് റെയിൽ

ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് ആരംഭിക്കുന്നു. യുഎഇയുടെ ദേശീയ റെയിൽവേ ശൃംഖലയായ ഇതിഹാദ് റെയിലിന്‍റെ ആദ്യ പാസഞ്ചർ സർവീസ് ജൂൺ 30-ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. ജൂലൈ മാസം മുതൽ യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്ത് ജനങ്ങൾക്ക് ട്രെയിൻ യാത്ര ആരംഭിക്കാം. അബുദാബിയിൽ നിന്ന് ഫുജൈറയിലേക്കാണ് ആദ്യ സർവീസ്.

പുതിയ സേവന ദാതാവായി 'അൽഹിന്ദ്'

യുഎഇയിലെ ഇന്ത്യൻ പ്രവാസികളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന മാറ്റമാണിത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പുതിയ വിജ്ഞാപന പ്രകാരം ജൂലൈ 1 മുതൽ ആഗോളതലത്തിൽ പാസ്‌പോർട്ട് നിരക്കുകൾ 75 ശതമാനം വരെ വർദ്ധിക്കും. ദിർഹത്തിലുള്ള പുതുക്കിയ ഫീസ് വിവരങ്ങൾ യുഎഇയിലെ ഇന്ത്യൻ എംബസി ഉടൻ പ്രഖ്യാപിക്കും.

ഇതോടൊപ്പം ബിഎൽഎസ് വഴിയുള്ള സേവനങ്ങൾ അവസാനിപ്പിച്ച് ജൂലൈ 1 മുതൽ 'ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകൾ' എന്ന ഒരൊറ്റ പ്ലാറ്റ്‌ഫോമിന് കീഴിൽ കോൺസുലാർ സേവനങ്ങൾ മാറും. അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് ആണ് ഈ സേവനങ്ങളുടെ പുതിയ ചുമതലക്കാർ.

പാസ്‌പോർട്ട് പുതുക്കൽ, ഒസിഐ കാർഡുകൾ, വിസ അപേക്ഷകൾ, പിസിസി, ഡോക്യുമെന്റ് അറ്റസ്റ്റേഷൻ എന്നിവയെല്ലാം ഇനി ഒരൊറ്റ കേന്ദ്രത്തിൽ ലഭിക്കും. ഓരോ ഇടപാടിനും 19 ദിർഹം മാത്രമാണ് അൽഹിന്ദ് സർവീസ് ചാർജ് ഈടാക്കുക. വെറും 30 മിനിറ്റിൽ പ്രൊസസിംഗും, അഞ്ച് ദിവസത്തിനകം അപ്പോയിന്റ്മെന്റും ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.

യുഎഇ സ്കൂളുകളിൽ വേനലവധി ആരംഭിക്കുന്നു

യുഎഇയിലെ സ്കൂളുകൾ വേനലവധിക്കായി ജൂലൈ 3 വെള്ളിയാഴ്ചയോടെ അടയ്ക്കും. എട്ട് ആഴ്ച നീണ്ടുനിൽക്കുന്ന നീണ്ട അവധിക്കാലമാണ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്. പ്രവാസികൾ നാട്ടിലേക്ക് മടങ്ങുന്ന വലിയൊരു യാത്രാ സീസണിന് കൂടിയാണ് ഇതോടെ തുടക്കമാകുന്നത്. പുതിയ അധ്യയന വർഷം ആഗസ്റ്റ് 31 തിങ്കളാഴ്ച ആരംഭിക്കും.

ഷാർജയിൽ പെയ്ഡ് പാർക്കിംഗ് അർധരാത്രി വരെയാക്കി

ഷാർജയിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ആളുകൾക്ക് പ്രധാനപ്പെട്ട മാറ്റം. ജൂലൈ 1 മുതൽ ഷാർജ സിറ്റി മുനിസിപ്പാലിറ്റി പൊതു പാർക്കിംഗ് സമയങ്ങൾ രാത്രി 12 മണി വരെ ദീർഘിപ്പിച്ചു. ഇതോടെ മഞ്ഞ ബോർഡുകളുള്ള പാർക്കിംഗ് ഏരിയകളും ബ്ലൂ ബോർഡ് സോണുകൾക്ക് തുല്യമായി അർധരാത്രി വരെ പെയ്ഡ് പാർക്കിംഗ് ആയി മാറും. ഷാർജ സിറ്റി, കൽബ, ഖോർഫക്കാൻ, അൽ ദൈദ് എന്നിവയുൾപ്പെടെ എല്ലാ മേഖലകൾക്കും ഇത് ബാധകമാണ്. വെള്ളിയാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും പാർക്കിംഗ് സൗജന്യമായിരിക്കും (ആഴ്ചയിൽ 7 ദിവസവും ഫീസ് നിർബന്ധമാക്കിയ പ്രത്യേക സോണുകളിൽ ഒഴികെ).

ദുബായ് സമ്മർ സർപ്രൈസസ് തുടങ്ങുന്നു

ഷോപ്പിംഗ് പ്രേമികൾ കാത്തിരിക്കുന്ന 'ദുബായ് സമ്മർ സർപ്രൈസസ്' 29-ാമത് എഡിഷൻ ജൂലൈ 2 മുതൽ ആഗസ്റ്റ് 30 വരെ നടക്കും. "മേക്ക് ഇറ്റ എ ദുബായ് സമ്മർ" എന്ന പ്രമേയത്തിൽ 60 ദിവസമാണ് ഈ മെഗാ മേള നീണ്ടുനിൽക്കുക. വൻ വിലക്കിഴിവുകൾ, സംഗീത പരിപാടികൾ, കുടുംബങ്ങൾക്കായുള്ള വിനോദങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ബിസിനസ്സുകൾക്ക് '-ഇൻവോയ്‌സിംഗ്' നിർബന്ധമാകുന്നു

യുഎഇയിലെ കോർപ്പറേറ്റ് അല്ലെങ്കിൽ ബിസിനസ്സ് മേഖലയിലുള്ളവർക്ക് ജൂലൈ 1 ഒരു നിർണ്ണായക സമയപരിധിയാണ്. പുതിയ നികുതി വ്യവസ്ഥകളുടെ ഭാഗമായി ബിസിനസ്സുകൾ ഔദ്യോഗികമായി ഒരു 'അക്രെഡിറ്റഡ് സർവീസ് പ്രൊവൈഡറെ' തിരഞ്ഞെടുത്ത് തങ്ങളുടെ ധനകാര്യ സിസ്റ്റങ്ങൾ ഇ-ഇൻവോയ്‌സിംഗ് രീതിയിലേക്ക് മാറ്റേണ്ടതുണ്ട്. ഭാവിയിൽ നികുതി റിപ്പോർട്ടിംഗിൽ തടസ്സങ്ങൾ ഒഴിവാക്കാൻ ഈ മാറ്റം അടിയന്തിരമായി ചെയ്യേണ്ടതാണ്.