ദുബായിൽ സുഹൃത്തുക്കളുടെ തർക്കം പരിഹരിക്കുന്നതിനിടെ മലയാളി യുവാവ് കുത്തേറ്റു മരിച്ചു
സുഹൃത്തുക്കൾ തമ്മിലുള്ള വാക്കുതർക്കം പരിഹരിക്കാൻ ഇടപെട്ട കോഴിക്കോട് സ്വദേശി ദുബായിൽ കുത്തേറ്റു മരിച്ചു. ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ് മരിച്ചത്. ജസീൽ താമസിക്കുന്ന മുറിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കം സംഘർഷത്തിലേക്ക് നീങ്ങിയപ്പോൾ അത് ശാന്തമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾക്ക് കുത്തേറ്റത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ മൂന്ന് വർഷമായി ദുബായിൽ പ്രവാസിയായ ജസീൽ തന്റെ തൊഴിലിടത്തോടു ചേർന്നുള്ള താമസസ്ഥലത്താണ് കഴിഞ്ഞിരുന്നത്. സംഭവത്തെക്കുറിച്ച് ദുബായ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് പ്രാഥമിക വിവരങ്ങൾ.
ജസീലിന്റെ മൃതദേഹം നിലവിൽ ദുബായിലെ അൽ റാഷിദിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.