പുലർച്ചെ കേട്ട അസാധാരണ ശബ്ദങ്ങളുടെ കാരണം മിസൈൽ പ്രതിരോധം: വിശദീകരിച്ച് യുഎഇ

 
യുഎഇ ലക്ഷ്യമിട്ടെത്തിയ മിസൈൽ ആക്രമണ ഭീഷണികളെ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞു. ഇന്ന് (30) പുലർച്ചെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ശബ്ദങ്ങൾ കേട്ടതോടെ ജനങ്ങൾക്കിടയിൽ നേരിയ ആശങ്ക പടർന്നെങ്കിലും മിസൈലുകൾ ആകാശത്തുവച്ച് തന്നെ തകർക്കുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.ദുബായ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ പുലർച്ചെ കേട്ട അസാധാരണ ശബ്ദങ്ങൾ മിസൈലുകൾ തടയുന്നതിന്റെ ഭാഗമായുള്ളതായിരുന്നുവെന്ന് അധികൃതർ സ്ഥിരീകരിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി താമസക്കാർക്ക് മൊബൈൽ ഫോണുകൾ വഴി അടിയന്തര ജാഗ്രതാ നിർദ്ദേശങ്ങൾ നൽകിയിരുന്നു. എന്നാൽ നിലവിൽ സ്ഥിതിഗതികൾ പൂർണമായും സുരക്ഷിതമാണെന്നും ജനങ്ങൾക്ക് ദൈനംദിന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാമെന്നും അധികൃതർ വ്യക്തമാക്കി. വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും മന്ത്രാലയം കർശന നിർദ്ദേശം നൽകി. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയ വക്താക്കൾ അറിയിച്ചു.