യു.എ.ഇയിൽ കാലവർഷം അവസാനിച്ചു; കൂടുതൽ മഴ റാസൽഖൈമയിൽ
രാജ്യത്ത് പ്രധാന കാലവർഷം അവസാനിച്ചതായി സ്ഥിരീകരിച്ച് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം). എങ്കിലും ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയും തണുപ്പും പ്രതീക്ഷിക്കാം. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയും, വെള്ളിയാഴ്ചയുമായി രാജ്യത്തെ പ്രധാന സ്ഥലങ്ങളിലെല്ലാം വിത്യസ്ത തീവ്രതയിൽ മഴ ലഭിച്ചിരുന്നു.
റാസൽഖൈമയിലെ അൽ ഖസ്ലയിലാണ് ഈ വർഷം ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 127 മില്ലി മീറ്റർ മഴയാണ് ഇവിടെയുണ്ടായത്. സഖർ പോർട്ട് സ്റ്റേഷനിൽ 123 മില്ലിമീറ്റർ, ജബൽ അൽ റബാഹിൽ 117.5 മില്ലിമീറ്റർ, ജബൽ ജെയ്സിൽ 116.6 മില്ലിമീറ്റർ, റാസൽഖൈമ സിറ്റിയിൽ 72 മില്ലി മീറ്റർ എന്നിവ ഉൾപ്പെടെ എമിറേറ്റിൻറെ മറ്റ് മേഖലകളിലും ശക്തമായ മഴ ലഭിച്ചു.
എമിറേറ്റിലുടനീളം മഴ മേഘങ്ങളുടെ വ്യാപനം കുറഞ്ഞിട്ടുണ്ട്. എങ്കിലും വാരാന്ത്യത്തിൽ കാലാവസ്ഥ ഭാഗികമായി മേഘാവൃതമാവുമെന്നും ശനി, ഞായർ ദിവസങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെടുകയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും എൻ.സി.എം റിപോർട്ട് ചെയ്തിരുന്നു. മഴക്കു പിന്നാലെ രാജ്യത്ത് താപനില വലി രീതിയിൽ കുറഞ്ഞിരിക്കുകയാണ്. പർവത മേഖലകളിലും ഉൾപ്രദേശങ്ങളിലും പകൽ സമയങ്ങളിൽ തണുത്ത കാലാവസ്ഥയും രാത്രിയിൽ കൂടുതൽ തണുപ്പും അനുഭവപ്പെടും.