കൊതുക് വ്യാപനം: ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രാലയം; മാർഗനിർദേശങ്ങൾ പുറത്തിറക്കി
കൊതുകുകൾ പെരുകുന്നത് മൂലമുള്ള രോഗവ്യാപനത്തിനെതിരെ മുന്നറിയിപ്പുമായി യു.എ.ഇ ആരോഗ്യ മന്ത്രാലയം. പൊതുജനാരോഗ്യ സംരക്ഷണത്തിലും ആരോഗ്യകരമായ ജീവിതശൈലിയിലും കൊതുകുനിയന്ത്രണത്തിന് സുപ്രധാനമായ പങ്കുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ഞായറാഴ്ച എക്സ് പ്ലാറ്റ്ഫോമിലൂടെ ബോധവത്കരണ സന്ദേശങ്ങളും മന്ത്രാലയം പങ്കുവെച്ചിട്ടുണ്ട്. കൊതുക് കടിയെ നിസാരമായി കാണരുതെന്നും ലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും സങ്കീർണതകൾക്കുള്ള സാധ്യത കുറക്കുന്നതിനുമുള്ള പ്രായോഗിക നടപടികളും സന്ദേശത്തിൽ വിശദീകരിക്കുന്നുണ്ട്. കൊതുക് കടിച്ച സ്ഥലം മാന്തുന്നത് ഒഴിവാക്കണം. പകരം കൊതുക് കടിച്ച സ്ഥലത്ത് 10 മിനിറ്റ് നേരം ഐസ് പാക് വെക്കുന്നത് ചൊറിച്ചിലും ചുവന്ന് തടിക്കുന്നതും ഒഴിവാക്കും. ചൊറിച്ചിലിനുള്ള മരുന്നകൾ നിർദേശങ്ങൾക്ക് വിധേയമായി ഉപയോഗിക്കാം. പനി, കഠിനമായ തലവേദന, അല്ലെങ്കിൽ സ്ഥിരമായ ശരീരവേദന തുടങ്ങിയ അസാധാരണമോ ആശങ്കജനകമോ ആയ ലക്ഷണങ്ങൾ ഉണ്ടായാൽ, താമസക്കാർ വൈദ്യോപദേശം തേടണമെന്നും മന്ത്രാലയം അഭ്യർഥിച്ചു.
വ്യക്തിഗത ചികിത്സക്കപ്പുറം മുൻകരുതലാണ് ഏറ്റവും മികച്ച പ്രതിരോധം. കൊതുകുകൾ മുട്ടയിടുന്നത് തടയാൻ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ ഇല്ലാതാക്കി സഹകരിക്കണമെന്നും മന്ത്രാലയം ജനങ്ങളോട് അഭ്യർഥിച്ചു. രോഗവാഹകരായ പ്രാണികൾ മൂലമുണ്ടാകുന്ന ആരോഗ്യ അപകടസാധ്യതകൾ കുറക്കുന്നതിൽ ബന്ധപ്പെട്ട അധികാരികളുമായുള്ള സമൂഹ സഹകരണം നിർണായക പങ്ക് വഹിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.