മസ്കറ്റ് നൈറ്റ്സ് 2026' ജനുവരി ഒന്ന് മുതൽ
ഒമാന്‍റെ തലസ്ഥാന നഗരം മസ്കറ്റ് വീണ്ടും ആഘോഷങ്ങളുടെ ലഹരിയിലേക്ക്. ജനുവരി 1 മുതൽ 31 വരെ നീളുന്ന മസ്കറ്റ് നൈറ്റ്സ് 2026 ശീതകാലോത്സവം തലസ്ഥാനത്തെ മുഴുവൻ ഉത്സവ ലഹരിയിലേക്ക് നയിക്കും. വിനോദം, കല, സംസ്കാരം, കായികം, സാമ്പത്തിക പ്രവർത്തനങ്ങൾ എന്നിവയെ ഏകോപിപ്പിച്ച ഒരു സമഗ്ര നഗരോത്സവമായാണ് ഈ വർഷത്തെ മസ്കറ്റ് നൈറ്റ്സ് ഒരുക്കിയിരിക്കുന്നത്.
ക്വുറം മുതൽ ഖുറിയാത്ത് വരെ നഗരത്തിന്റെ പല കോണുകളിലും ആഘോഷങ്ങൾ സംഘടിപ്പിക്കും. അൽ ക്വുറം നാച്ചുറൽ പാർക്ക്, അൽ അമിറാത്ത് പബ്ലിക് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ ഗ്രൗണ്ട്, റോയൽ ഓപ്പറ ഹൗസ് മസ്കറ്റ്, സീബ് ബീച്ച്, ഖുറിയാത്ത് വിലായത്ത്, വാദി അൽ ഖൂദ്, പ്രമുഖ ഷോപ്പിങ് സെന്‍ററുകൾ എന്നിവിടങ്ങളിലായി പരിപാടികൾ വ്യാപിച്ചു കിടക്കും. മസ്കറ്റ് നഗരത്തിന്‍റെ വിവിധ പ്രത്യേകതകൾ നേരിട്ട് അനുഭവിച്ചറിയുവാൻ സന്ദർശകർക്ക് ഇതിലൂടെ അവസരം ലഭിക്കും.
മസ്കറ്റ് നൈറ്റ്സിന്‍റെ ഔദ്യോഗിക കഥാപാത്രമായി 'സിറാജ്' വീണ്ടും എത്തുന്നു. ആകാശത്തിലൂടെ സഞ്ചരിക്കുന്ന 'പ്രകാശത്തിന്റെ ഒമാനി ബാലൻ' എന്ന ആശയത്തിൽ രൂപകൽപ്പന ചെയ്ത ഈ കഥാപാത്രം, കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആകർഷകമായ ദൃശ്യാനുഭവം സമ്മാനിക്കും. അൽ ക്വുറം നാച്ചുറൽ പാർക്കിലെ തടാകം ആധുനിക കലയും സാങ്കേതികവിദ്യയും സംഗമിക്കുന്ന ഫൗണ്ടൻ ആൻഡ് ലൈറ്റ് സിംഫണി വേദിയായി മാറും. സംഗീതത്തിനനുസരിച്ച് ചലിക്കുന്ന ജലധാരകളും വെളിച്ചങ്ങളും മസ്കറ്റ് നൈറ്റ്സിന്‍റെ ദൃശ്യഭംഗി ഉയർത്തും.