ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ യുഎഇയുടെ ദീർഘവീക്ഷണത്തെ പ്രശംസിച്ച് മസ്ക്

 

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പ്രമുഖ അമേരിക്കൻ സംരംഭകൻ ഇലോൺ മസ്കും ടെലിഫോണിൽ സംഭാഷണം നടത്തി. ആധുനിക സാങ്കേതികവിദ്യ, നിർമിതബുദ്ധി (എഐ), ബഹിരാകാശ മേഖല എന്നിവയിലെ പുതിയ മുന്നേറ്റങ്ങളും ഈ മേഖലകൾ ജീവിതനിലവാരം ഉയർത്തുന്നതിനും സുസ്ഥിര വികസനത്തിനുമായി എപ്രകാരം പ്രയോജനപ്പെടുത്താം എന്നതുമാണ് ഇരുവരും പ്രധാനമായും ചർച്ച ചെയ്തത്.നൂതനമായ സാങ്കേതിക പരിഹാരങ്ങൾ വേഗത്തിൽ നടപ്പിലാക്കേണ്ടതിന്റെയും ആഗോളതലത്തിൽ പങ്കാളിത്തം ശക്തമാക്കേണ്ടതിന്റെയും പ്രാധാന്യം ചർച്ചയിൽ വിഷയമായി. രാജ്യാന്തര സഹകരണം വിപുലീകരിക്കുന്നതിലൂടെയും വൈദഗ്ധ്യങ്ങൾ കൈമാറുന്നതിലൂടെയും പുതിയ അവസരങ്ങൾ കണ്ടെത്താനാകുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും മസ്കും വിലയിരുത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ നിക്ഷേപങ്ങളിലും രാജ്യാന്തര പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിലും യുഎഇ പുലർത്തുന്ന ദീർഘവീക്ഷണത്തെ ഇലോൺ മസ്ക് പ്രശംസിച്ചു.

യുഎഇയുടെ പുരോഗതിയിലും ഐശ്വര്യത്തിലും അദ്ദേഹം ആശംസകൾ നേരുകയും ചെയ്തു. ലോകത്തെ മുൻനിര സാങ്കേതിക കേന്ദ്രമായി യുഎഇ മാറുന്നതിന്റെ അടയാളമായി ഈ കൂടിക്കാഴ്ചയെ വിലയിരുത്തുന്നു.