വീടുകളിലെ പൂന്തോട്ട പരിപാലനത്തിന് ദുബായിൽ പുതിയ ഡിജിറ്റൽ സംവിധാനം
വീടുകളിലെ പൂന്തോട്ട പരിപാലനത്തിന് ദുബായിൽ പുതിയ ഡിജിറ്റൽ സംവിധാനം. സെപ്റ്റംബർ മുതൽ കരീം ആപ്പ് വഴി ലൈസൻസുള്ള ഗാർഡനിങ് സേവനങ്ങൾ ലഭ്യമാക്കുന്ന ‘അൽ ഫ്രീജ് ഗാർഡനർ’ പദ്ധതിക്ക് തുടക്കമാകും.ദുബായ് മുനിസിപ്പാലിറ്റി, ദുബായ് പൊലീസ്,ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) എന്നിവയുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. സ്ഥിരം അറ്റകുറ്റപ്പണി, ജലസേചന സംവിധാനങ്ങളുടെ സ്ഥാപനം-പരിപാലനം, കാർഷിക ഉപദേശം തുടങ്ങിയ സേവനങ്ങൾ ഇതിലൂടെ ലഭിക്കും.അംഗീകൃത കാർഷിക പരിപാലന കമ്പനികളിലൂടെയാണു സേവനങ്ങൾ നൽകുക. ഗാർഡനിങ് മേഖല കൂടുതൽ സുരക്ഷിതവും ക്രമബദ്ധവുമാക്കുകയാണു ലക്ഷ്യം. സേവനദാതാക്കൾ നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഗാർഡനിങ് ജീവനക്കാരുടെ വീസ, പെർമിറ്റ് വ്യവസ്ഥകളിൽ ജിഡിആർഎഫ്എ മാർഗനിർദേശം നൽകും.
വീടുകളിൽ എത്തുന്ന സേവനദാതാക്കളുടെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനൊപ്പം, സുസ്ഥിരമായ പൂന്തോട്ട പരിപാലന രീതികൾ പ്രോത്സാഹിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.