സൗദിയിലെ പുതിയ ഇന്ത്യൻ അംബാസഡർ വിപുൽ രാഷ്ട്രപതിയിൽ നിന്ന് നിയമനപത്രം സ്വീകരിച്ചു
സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വിപുൽ, രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഔദ്യോഗിക നിയമനപത്രം കൈപ്പറ്റി. നിലവിലെ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ കാലാവധി പൂർത്തിയാക്കുന്ന ഒഴിവിലേക്കാണ് ഖത്തറിലെ സ്ഥാനപതിയായിരുന്ന വിപുലിനെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചുമതലപ്പെടുത്തിയത്. ഇന്ത്യയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വരുംദിവസങ്ങളിൽ കൂടുതൽ ദൃഢമാക്കാനും പ്രവാസി ക്ഷേമം ഉറപ്പാക്കാനും ഈ നിയമനം ഉപകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
1998 ബാച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ വിപുൽ ബിഹാർ സ്വദേശിയാണ്. കെയ്‌റോ, കൊളംബോ, ജനീവ, ദുബായ് എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിൽ പ്രവർത്തിച്ച അദ്ദേഹത്തിന് നയതന്ത്ര രംഗത്ത് ദീർഘകാലത്തെ പരിചയസമ്പത്തുണ്ട്. 2017 മുതൽ 2020 വരെ ദുബായിൽ കോൺസൽ ജനറലായും 2020 മുതൽ 2023 വരെ വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറി (ഗൾഫ്) പദവിയിലും സേവനമനുഷ്ഠിച്ചു. ഇതിനുശേഷമാണ് 2023 ആഗസ്റ്റ് 17-ന് ഖത്തറിലെത്തിയത്. ഐ.ഐ.ടി ഡൽഹിയിൽ നിന്ന് എൻജിനീയറിങ് ബിരുദവും ഹൈദരാബാദ് ഐ.എസ്.ബിയിൽ നിന്ന് എം.ബി.എയും നേടിയ വ്യക്തി കൂടിയാണ് അദ്ദേഹം.