കൽബ വാട്ടർഫ്രണ്ട് മാളിൽ പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു
യു.എ.ഇയിൽ റീട്ടെയിൽ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി യു.എ.ഇ-ഒമാൻ അതിർത്തിക്ക് സമീപമുള്ള കൽബ വാട്ടർഫ്രണ്ട് മാളിൽ പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ പ്രവർത്തനം ആരംഭിച്ചു. കൽബ മുനിസിപ്പാലിറ്റി ഡയറക്ടർ ഡോ. അഹമ്മദ് സയീദ് അൽ മസ്റൂയി സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ഈഗിൾ ഹിൽസ് ഗ്രൂപ്പ് സി.എഫ്.ഒ അമ്മർ അൽബർസാഞ്ചി, കൽബ ഇക്കണോമിക് ഡിപ്പാർട്ട്മെന്റ് മേധാവി ആമ്ന അൽ സാബി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
യു.എ.ഇയിലെ ലുലുവിന്റെ 128-ാമത് സ്റ്റോറാണിത്. ഈ വർഷം അവസാനത്തോടെ യു.എ.ഇയിലെ ആകെ സ്റ്റോറുകളുടെ എണ്ണം 150 ആയി ഉയർത്തുമെന്ന് ഉദ്ഘാടന ചടങ്ങിൽ എം.എ. യൂസഫലി വ്യക്തമാക്കി. കൽബയിലെയും സമീപ പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്ക് പഴങ്ങൾ, പച്ചക്കറികൾ, ഗ്രോസറി, ലൈവ് സീഫുഡ്, ഫ്രഷ് ഫുഡ്, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന മികച്ച ഷോപ്പിങ് അനുഭവമാണ് പുതിയ സ്റ്റോറിൽ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളും മികച്ച പാർക്കിങ് സൗകര്യങ്ങളും സ്റ്റോറിൽ ലഭ്യമാണ്.