റാഷിദ് വില്ലേജുകൾക്ക് പുതിയ മേൽനോട്ട സമിതി; ഉത്തരവിട്ട് ഷെയ്ഖ് ഹംദാൻ

 

പാവപ്പെട്ട കുടുംബങ്ങൾക്ക് തണലൊരുക്കുന്ന 'റാഷിദ് വില്ലേജ്' പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി പുതിയ മേൽനോട്ട സമിതി രൂപീകരിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതുസംബന്ധിച്ച 2026-ലെ ഒന്നാം നമ്പർ ഉത്തരവ് പുറപ്പെടുവിച്ചത്. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമിതിയുടെ അധ്യക്ഷനായി ചുമതലയേൽക്കും.പരേതനായ ഷെയ്ഖ് റാഷിദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ പത്താം ചരമവാർഷികത്തോടനുബന്ധിച്ച് 2025-ലാണ് ഷെയ്ഖ് ഹംദാൻ ഈ ബൃഹദ് ജീവകാരുണ്യ പദ്ധതിക്ക് തുടക്കമിട്ടത്. സഹോദരന്റെ സ്മരണാർഥം ആരംഭിച്ച ഈ പദ്ധതിയിലൂടെ പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് വീട്, വിദ്യാഭ്യാസം, മികച്ച ആരോഗ്യപരിരക്ഷ, സാമൂഹിക സുരക്ഷ എന്നിവ ഉറപ്പാക്കുന്ന മാതൃകാ ഗ്രാമങ്ങളാണ് നിർമിക്കുന്നത്.

ദുബായ് കിരീടാവകാശിയുടെ ഓഫിസിലെ ഡയറക്ടർ ജനറലിനെ സമിതിയുടെ ഉപാധ്യക്ഷനായി നിയമിച്ചു. ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി ഡയറക്ടർ ജനറൽ, മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ് സിഇഒ, ദാർ അൽ ബെർ സൊസൈറ്റി സിഇഒ, അൽ ജലീല ഫൗണ്ടേഷൻ ചെയർമാൻ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഓഫീസിലെ ഡയറക്ടർ സമിതി സെക്രട്ടറിയായി പ്രവർത്തിക്കും.

പദ്ധതിയുടെ ആസൂത്രണം മുതൽ നിർവ്വഹണം വരെയുള്ള എല്ലാ ഘട്ടങ്ങളിലും പുതിയ സമിതിക്ക് നേരിട്ടുള്ള മേൽനോട്ടമുണ്ടാകും. വിവിധ സർക്കാർ-സ്വകാര്യ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുക, വിഭവങ്ങൾ കൃത്യമായി വിനിയോഗിക്കുക, നിയമപരമായ ചട്ടക്കൂടുകൾ നിശ്ചയിക്കുക എന്നിവയാണ് സമിതിയുടെ പ്രധാന ഉത്തരവാദിത്തങ്ങൾ. റമസാനിൽ ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ അർഹരായവരിലേക്ക് വേഗത്തിൽ എത്തിക്കാൻ ഈ പുതിയ സമിതിയുടെ രൂപീകരണം സഹായകമാകും. ഉത്തരവ് പുറത്തിറങ്ങിയ തീയതി മുതൽ സമിതി പ്രാബല്യത്തിൽ വന്നതായും അധികൃതർ അറിയിച്ചു.