ഷാർജയിൽ ഇന്ന് മുതൽ പുതിയ ഗതാഗത നിയന്ത്രണങ്ങൾ; പകരം ഉപയോഗിക്കേണ്ട ബദൽ പാതകൾ
ഇത്തിഹാദ് റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട റോഡ് വികസനം പുരോഗമിക്കുന്നതിനിടെ ഷാർജയിലെ പ്രധാന പാതകളിലൊന്നായ യൂണിവേഴ്സിറ്റി സിറ്റി റോഡ് ഭാഗികമായി ഗതാഗതത്തിനായി തുറന്നുകൊടുത്തു. ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഈ വിവരം അറിയിച്ചത്.യൂണിവേഴ്സിറ്റി സിറ്റിക്കും ഇൻസ്റ്റിറ്റ്യൂട്ട്സ് ലാൻഡ് ഏരിയയ്ക്കുമിടയിൽ യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് ഇനി ഇരുദിശകളിലേക്കും രണ്ട് ലെയ്നുകൾ വീതം ഉപയോഗിക്കാം. ഇൻഡസ്ട്രിയൽ ഏരിയ 17-ൽ നിന്ന് യൂണിവേഴ്സിറ്റി പാലം വഴി യൂണിവേഴ്സിറ്റി സിറ്റിയിൽ അവസാനിക്കുന്ന റോഡിലാണ് ഇപ്പോൾ ഗതാഗതം പുനഃസ്ഥാപിച്ചിരിക്കുന്നത്. അതേസമയം, ഇതോടനുബന്ധിച്ച് പുതിയ ഗതാഗത നിയന്ത്രണങ്ങളും പ്രാബല്യത്തിൽ വരുന്നുണ്ട്. നാളെ(26) മുതൽ ഇൻഡസ്ട്രിയൽ ഏരിയ 17-ൽ നിന്ന് മലീഹ റോഡിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ഭാഗികമായി നിരോധനമുണ്ടാകും. ഈ വഴിയേ പോകുന്ന വാഹനങ്ങൾക്കായി താൽക്കാലിക വഴിതിരിച്ചുവിടൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഷാർജ ഇംഗ്ലീഷ് സ്കൂൾ, നെസ്റ്റോ ഹൈപ്പർമാർക്കറ്റ്, സമീപത്തെ മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുന്നവർ റോഡ് അതോറിറ്റി നിർദേശിച്ചിട്ടുള്ള ബദൽ പാതകൾ ഉപയോഗിക്കണം.