നോർക്ക കെയർ പ്ലസ് പദ്ധതി; രണ്ടാം ഘട്ടത്തിൽ 63,580 പ്രവാസി കുടുംബങ്ങൾ എൻറോൾ ചെയ്തു
നോർക്ക റൂട്ട്സ് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ-അപകട ഇൻഷുറൻസ് പദ്ധതിയായ 'നോർക്ക കെയർ പ്ലസ്' രണ്ടാം ഘട്ടത്തിൽ 63,580 പ്രവാസി കുടുംബങ്ങൾ എൻറോൾ ചെയ്തു. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 18 വരെയായിരുന്നു രണ്ടാം ഘട്ട എൻറോൾമെന്റ്. ആദ്യ ഘട്ടത്തിലെ 32,000 പേർ ഉൾപ്പെടെ ഇതോടെ ആകെ 95,580 പ്രവാസി കുടുംബങ്ങൾ നോർക്ക കെയർ പ്ലസിന്റെ ഭാഗമായി. നിലവിൽ എൻറോൾ ചെയ്തവരുടെ പോളിസി കാലാവധി 2027 ഏപ്രിൽ 14 വരെയാണ്.
നോർക്ക കെയർ, നോർക്ക കെയർ പ്ലസ് പദ്ധതികളിലായി ഇതുവരെ 136-ലേറെ രാജ്യങ്ങളിൽ നിന്നായി 2.27 ലക്ഷത്തിലധികം പ്രവാസി കുടുംബങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതുവഴി ഏകദേശം 10 ലക്ഷത്തോളം ആളുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
പ്രവാസികൾക്കും കുടുംബത്തിനും 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും നൽകുന്നതാണ് നോർക്ക കെയർ. 5 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വിവിധ സ്ലാബുകളിൽ ഇൻഷുറൻസ് പരിരക്ഷ നൽകുന്നതാണ് നോർക്ക കെയർ പ്ലസ്.