ഇനി വാലെ പാർക്കിങ് സൗകര്യം ഉപയോഗിക്കുമ്പോഴും സാലിക് വഴി പണമടയ്ക്കാം
Apr 24, 2026, 17:36 IST
ടോൾ ഗേറ്റുകൾ കടക്കുമ്പോൾ മാത്രമല്ല, ഇനി വാലെ പാർക്കിങ് സൗകര്യം ഉപയോഗിക്കുമ്പോഴും സാലിക് വഴി പണമടയ്ക്കാം. രാജ്യത്തെ പ്രമുഖ വാലെ പാർക്കിങ് സേവനദാതാക്കളായ വാൾട്രാൻസ് ട്രാൻസ്‌പോർട്ടേഷൻ സിസ്റ്റവുമായി സഹകരിച്ച് ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം ഏർപ്പെടുത്താൻ സാലിക് കമ്പനി ധാരണാപത്രം ഒപ്പിട്ടു. യുഎഇയിലുടനീളമുള്ള നൂറിലധികം കേന്ദ്രങ്ങളിൽ ഉടൻ തന്നെ ഈ സൗകര്യം ലഭ്യമാകും.പുതിയ കരാർ പ്രകാരം മാൾ ഓഫ് ദി എമിറേറ്റ്‌സ്, ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ (ഡിഐഎഫ്‌സി) തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ വാലെ പാർക്കിങ് ഉപയോഗിക്കുന്നവർക്ക് പണമായോ കാർഡായോ തുക നൽകേണ്ടി വരില്ല. പകരം സാലിക് അക്കൗണ്ട് വഴി ഡിജിറ്റലായി പണമടയ്ക്കാം. തിരക്കേറിയ ഇടങ്ങളിൽ പണത്തിനായി കാത്തുനിൽക്കാതെ വേഗത്തിൽ പാർക്കിങ് പൂർത്തിയാക്കാൻ ഇത് യാത്രക്കാരെ സഹായിക്കും. ദൈനംദിന യാത്രകൾ ലളിതവും കൂടുതൽ സുഗമവുമാക്കുകയാണ് ലക്ഷ്യമെന്ന് സാലിക് സിഇഒ ഇബ്രാഹിം സുൽത്താൻ അൽ ഹദ്ദാദ് പറഞ്ഞു.