ഇന്ത്യൻ ബാലന്റെ ജീവൻ രക്ഷിക്കാൻ യുഎഇയിൽ പണം സ്വരൂപിക്കാൻ ഔദ്യോഗിക അനുമതി

 

 

അപൂർവവും അതീവഗുരുതരവുമായ ജനിതകരോഗം ബാധിച്ച കുഞ്ഞു സയാന്റെ ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിൽ നിർണായകമായ വഴിത്തിരിവ്. കോടികൾ വിലയുള്ള ജീവൻരക്ഷാ കുത്തിവെയ്പിനായി ആശങ്കയിലായിരുന്ന ഇന്ത്യൻ കുടുംബത്തിന്, യുഎഇയിൽ നിയമപരമായി പണം സ്വരൂപിക്കാൻ ദുബായ് സർക്കാർ ഔദ്യോഗിക അനുമതി നൽകി. ഇനിയും ചികിത്സ വൈകിയാൽ കുരുന്നിന്റെ ജീവൻ തന്നെ അപകടത്തിലാകുമെന്ന മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ദുബായ് ഹെൽത്തിന് കീഴിലുള്ള ‘അൽ ജലീല ഫൗണ്ടേഷൻ’ വഴിയാണ് ഫണ്ട് ശേഖരണത്തിന് അനുമതി പത്രം പുറപ്പെടുവിച്ചിരിക്കുന്നത്.ഇതോടെ സയാന്റെ ചികിത്സയ്ക്കായി യുഎഇയിൽ എവിടെ നിന്നും ഇനി ഔദ്യോഗികമായും സുതാര്യമായും ധനസമാഹരണം നടത്താനാകുമെന്ന് പിതാവ് ജാഫർ മനോരമ ഓൺലൈനിനോട് പറഞ്ഞു. തമിഴ്‌നാട് കോയമ്പത്തൂർ തിരുപ്പൂർ ജില്ലയിലെ വെള്ളക്കുയിൽ സ്വദേശികളായ, ഷാർജയിൽ എൻജിനീയറായ ജാഫറിന്റെയും വീട്ടമ്മയായ ജാസ്മിന്റെയും മൂത്ത മകനായ ആറര വയസ്സുകാരൻ സയാൻ ജാഫർ അലിയെയാണ് ‘ദുഷെൻ മസ്‌കുലാർ ഡിസ്ട്രോഫി’ (ഡിഎംഡി) എന്ന മാരകരോഗം പിടികൂടിയിരിക്കുന്നത്. കഴിഞ്ഞവ‍‍‍ർഷം മേയിൽ മനോരമ ഓൺലൈനിലടക്കം വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ലോകമെമ്പാടുമുള്ള കാരുണ്യമതികളിൽ നിന്ന് ഇതിനകം മൂന്ന് കോടിയോളം രൂപ സമാഹരിക്കാൻ ഈ കുടുംബത്തിന് കഴിഞ്ഞിരുന്നു. ദുബായ് സർക്കാരിന്റെ നേരിട്ടുള്ള ഔദ്യോഗിക അനുമതി കൂടിയായതോടെ ബാക്കി തുക കൂടി വേഗത്തിൽ കണ്ടെത്താനാകുമെന്ന വലിയ പ്രതീക്ഷയിലാണ് ഈ മാതാപിതാക്കൾ. അൽ ജലീല ഫൗണ്ടേഷന്റെ അക്കൗണ്ട് വഴിയാണ് സംഭാവനകൾ സ്വീകരിക്കുക.