പാവയിൽ വിഷരാസവസ്തു: വിപണിയില്‍ നിന്ന് പിന്‍വലിച്ച് ഒമാൻ മന്ത്രാലയം
Jul 27, 2026, 13:31 IST
വിഷരാസവസ്തുക്കൾ അടങ്ങിയതായി കണ്ടെത്തിയ കുട്ടികളുടെ കളിപ്പാവ ഒമാൻ അധികൃതർ വിപണിയിൽനിന്ന് പിൻവലിച്ചു. കുട്ടികളുടെ ആരോഗ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന റിപ്പോർട്ടിനെ തുടർന്നാണ് വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ നടപടി.‘നാ, നാ, നാ, സർപ്രൈസ്’ (Na! Na! Na! Surprise) ബ്രാൻഡിന്റെ മോഡൽ നമ്പർ 3435, സീരിയൽ നമ്പർ 6991205071633 ഉള്ള ഇന്ററാക്ടീവ് ബേബി ഡോളാണ് വിപണിയിൽനിന്ന് പിൻവലിച്ചത്. ചൈനയിൽ നിർമിച്ച ഉൽപന്നമാണിത്.
ഈ ബ്രാൻഡിന്റെ പാവ കൈവശമുള്ളവർ കുട്ടികളെ ഉപയോഗിക്കാൻ അനുവദിക്കരുതെന്നും ആരോഗ്യത്തിന് ദോഷകരമായ രാസവസ്തുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ടെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. കുട്ടികൾക്കായി കളിപ്പാട്ടങ്ങൾ വാങ്ങുമ്പോഴും ഉപയോഗിക്കുന്നതിന് മുൻപും ബന്ധപ്പെട്ട സുരക്ഷാ മുന്നറിയിപ്പുകൾ പരിശോധിക്കണമെന്നും അധികൃതർ നിർദേശിച്ചു.