ഒമാനിൽ പ്രകൃതി ദുരന്തം കാരണമായുള്ള നാശനഷ്ടങ്ങൾക്ക് വാഹനത്തിന് 5,000 റിയാൽ വരെ നഷ്ടപരിഹാരം

 

ഒമാനിൽ ഏകീകൃത മോട്ടർ ഇൻഷുറൻസ് പോളിസി മാതൃകയിൽ പുതിയ ഭേദഗതികൾ പ്രഖ്യാപിച്ച് ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി (എഫ്.എസ്.എ). വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷുറൻസിൽ പ്രകൃതി ദുരന്തവും ഉൾപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങളാണ് പുതുതായി കൊണ്ടുവന്നിരിക്കുന്നത്. എല്ലാ വാഹന ഇൻഷുറൻസ് പോളിസികൾക്കും ഈ ഭേദഗതികൾ ബാധകമാണെന്നും ഇത് സംബന്ധിച്ച പ്രഖ്യാപനത്തിൽ പറഞ്ഞു.പ്രകൃതി ദുരന്തങ്ങൾ, കാലാവസ്ഥാ പ്രതിഭാസങ്ങൾ എന്നിവ കാരണം വാഹനങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾക്ക്, ബന്ധപ്പെട്ട അധികൃതർ പ്രഖ്യാപിക്കുന്നത് പ്രകാരം ഇൻഷുറൻസ് ലഭിക്കും. റീ ഇൻഷുറൻസ് കമ്പനികളുമായുള്ള കൂടിയാലോചനയ്ക്ക് ശേഷം തയ്യാറാക്കിയ പ്രതീക്ഷിത അപകട തോതുകൾ പ്രകാരമായിരിക്കും പുതിയ കവറേജ്.

ക്ലെയിം സെറ്റിൽമെന്റുകൾക്ക് നിശ്ചിത സമയം ക്രമീകരിക്കുകയും ക്ലെയിമുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ലളിതമാക്കുകയും ചെയ്തിട്ടുണ്ട്. നിശ്ചിത സമയം കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി തീർന്നില്ലെങ്കിൽ നഷ്ടപരിഹാരം അനുവദിക്കും. അപകട ഫയൽ പൂർത്തിയാക്കിയത് മുതൽ 30 ദിവസത്തിന് ശേഷമുള്ള ഓരോ ദിവസത്തിനും ഇൻഷുറൻസ് കമ്പനികൾ നഷ്ടപരിഹാരം നൽകേണ്ടി വരും.