നിരോധിത വസ്തുക്കള്‍ കൊണ്ടുവരുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യരുതെന്ന് ഒമാന്‍
ഒമാനിലേക്ക് വരുന്നവര്‍ നിരോധിത വസ്തുക്കള്‍ കൊണ്ടുവരുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യരുതെന്ന് ഒമാന്‍ പൊലീസ്. കസ്റ്റംസ് ഡയറക്ടറേറ്റ് ജനറല്‍ മുന്നറിയിപ്പ് നല്‍കി. നിരോധിത വസ്തുക്കളുടെ പട്ടികയും അധികൃതര്‍ പുറത്തുവിട്ടു.നിരോധിത വസ്തുക്കളില്‍ ലഹരിമരുന്നുകളും മനോപ്രേരക വസ്തുക്കളും, സ്‌ഫോടക വസ്തുക്കള്‍, സൈനിക യൂണിഫോമിനോട് സാമ്യമുള്ള വസ്ത്രങ്ങളും ഉപകരണങ്ങളും, എല്ലാത്തരം ആയുധങ്ങളും, യഥാര്‍ഥ സ്വഭാവം മറച്ചുവെക്കുന്ന വസ്തുക്കള്‍ (ഉദാഹരണത്തിന് കുന്തമോ വാളോ ഒളിപ്പിച്ച വടികള്‍), യഥാര്‍ഥ തോക്കുകളോട് സാമ്യമുള്ള കളിത്തോക്കുകളും പിസ്റ്റളുകളും, റൈഫിള്‍ സ്‌കോപ്പുകളും നൈറ്റ് വിഷൻ സ്‌കോപ്പുകളും, സ്റ്റണ്‍ ഗണുകളും ടേസറുകളും, ആനക്കൊമ്പ് എന്നിവ ഉള്‍പ്പെടുന്നു.
രാജ്യാന്തര തലത്തിലോ ഒമാനിലോ നിരോധിച്ചിട്ടുള്ളതോ, നിലവിലുള്ള രാജ്യാന്തര കരാറുകള്‍ക്കും പ്രാദേശിക നിയമങ്ങള്‍ക്കും വിരുദ്ധമായതോ ആയ വസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ അനുമതിയില്ലെന്നും പൊലീസ് വ്യക്തമാക്കി. കൂടാതെ, വ്യാജ ഉൽപന്നങ്ങള്‍, കൃത്രിമമായി നിർമിച്ച വസ്തുക്കള്‍, അംഗീകൃത ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഉൽപന്നങ്ങള്‍, ബൗദ്ധിക സ്വത്തവകാശങ്ങള്‍ ലംഘിക്കുന്ന വസ്തുക്കള്‍ എന്നിവയും ഒമാനിലേക്ക് കൊണ്ടുവരാന്‍ പാടില്ലെന്ന് അധികൃതര്‍ ഓർമിപ്പിച്ചു.