ഒമാനിൽ അടുത്ത മാസം മുതൽ വൻ ബാങ്കിങ് പരിഷ്കാരം

 

ഒമാനില്‍ വ്യക്തികള്‍ക്കും ചെറുകിട- ഇടത്തരം സംരംഭങ്ങള്‍ക്കും (എസ്എംഇ) ആഭ്യന്തര ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നതിനുള്ള ഫീസുകള്‍ പൂർണമായും ഒഴിവാക്കുന്നു. ഡിജിറ്റല്‍ ബാങ്കിങ് മേഖലയില്‍ വന്‍ പരിഷ്‌കരണങ്ങളുമായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ (സിബിഒ) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത മാസം ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.ആര്‍ടിജിഎസ്, ഇസിഎസ്, ഇന്‍സ്റ്റന്റ് പെയ്‌മെന്റ് സിസ്റ്റം എന്നിവ വഴിയുള്ള പ്രാദേശിക ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് വ്യക്തികളില്‍ നിന്നും ചെറുകിട- ഇടത്തരം സംരംഭങ്ങളില്‍ നിന്നും യാതൊരുവിധ ഫീസും ഈടാക്കരുത് എന്ന് ബാങ്കുകള്‍ക്കും പെയ്‌മെന്റ് സേവനദാതാക്കള്‍ക്കും സിബിഒ കര്‍ശന നിർദേശം നല്‍കി. മൊബൈല്‍ നമ്പറോ മറ്റോ ഉപയോഗിച്ച് ഇന്‍സ്റ്റന്റ് പെയ്‌മെന്റ് സിസ്റ്റം വഴി നടത്തുന്ന വ്യക്തിഗത പണമിടപാടുകള്‍, സ്വീകര്‍ത്താവ് മറ്റ് ബാങ്കുകളിലെ ഉപഭോക്താവാണെങ്കില്‍ പോലും പൂർണമായും സൗജന്യമായിരിക്കും.

സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ വേതന സംരക്ഷണ നിയമപ്രകാരം (ഡബ്ല്യുപിഎസ്) ബാങ്കുകള്‍ വഴി ശമ്പളം വിതരണം ചെയ്യുമ്പോള്‍ ഈടാക്കുന്ന ഫീസ് പരമാവധി ഒരു ഒമാനി റിയാലായി പരിമിതപ്പെടുത്തി. ജീവനക്കാരുടെ എണ്ണമോ ശമ്പള ഫയലുകളുടെ എണ്ണമോ പരിഗണിക്കാതെയായിരിക്കും ഇത്. ക്യൂആര്‍ കോഡ് വഴിയുള്ള പെയ്‌മെന്റുകള്‍ക്ക് ഈടാക്കാവുന്ന മര്‍ച്ചന്റ് സര്‍വീസ് ചാര്‍ജ് 0.75 ശതമാനത്തില്‍ നിന്നും 0.50 ശതമാനം ആയി കുറച്ചു. ഇത് ഒരു ഇടപാടില്‍ പരമാവധി രണ്ട് ഒമാനി റിയാലില്‍ കൂടാന്‍ പാടില്ല.